സ്‌ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ക്യാന്‍സറാണ് സ്‌തനാര്‍ബുദം. നാള്‍ക്കുനാള്‍ സ്‌തനാര്‍ബുദം ബാധിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് പറയുന്നു. തുടക്കത്തിലേ കണ്ടെത്താനായാല്‍, സ്‌തനാര്‍ബുദം പൂര്‍ണമായി ചികില്‍സിച്ച് മാറ്റാനാകും. സ്‌തനാര്‍ബുദം കണ്ടെത്താന്‍ ശേഷിയുള്ള സ്‌മാര്‍ട്ട് ബ്രായുടെ കണ്ടെത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മെക്‌സിക്കോയില്‍നിന്നുള്ള ഒരു യുവ ശാസ്‌ത്രജ്ഞനാണ് ഈ കണ്ടെത്തലിന് പിന്നില്‍. ജൂലിയന്‍ റിയോസ് കാന്റു എന്ന പതിനെട്ടുകാരനാണ് സ്‌മാര്‍ട്ട് ബ്രാ കണ്ടെത്തിയിരിക്കുന്നത്. ആഴ്‌ചയില്‍ ഒരു മണിക്കൂറോളം ഈ ബ്രാ ധരിച്ചാല്‍ മതി. ഇരുന്നൂറോളം സെന്‍സറുകളുള്ള ഈ ബ്രാ, സ്‌തനത്തിനുള്ളിലും പുറത്തുമുള്ള മാറ്റങ്ങളും കോശവ്യതിയാനയങ്ങളും വിലയിരുത്തി, ക്യാന്‍സര്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കും. രൂപമാറ്റം, നിറംമാറ്റം, ഊഷ്‌മാവിലെ വ്യതിയാനം എന്നിവ അടിസ്ഥാനമാക്കിയാണ് ക്യാന്‍സര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ മുന്നറിയിപ്പിനെ അടിസ്ഥാനമാക്കി, മാമോഗ്രാം, ബയോപ്‌സി പരിശോധനകള്‍ നടത്തി അസുഖമുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനാകും.