മുംബൈ: കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ റിലയന്‍സ് വ്യവസായ ലോകത്തിന്‍റെ 40 വാര്‍ഷികത്തോട് അനുബന്ധിച്ച് കുടുംബ സംഗമം നടന്നത്. റിലയന്‍സിന്‍റെ ജിയോയുടെ അംബാസിഡറായ കിംഗ് ഖാന്‍ ഷാരൂഖ് ആയിരുന്നു ചടങ്ങിന്‍റെ അവതാരകന്‍. മുകേഷ് അംബാനിയും കുടുംബവും സജീവമായിരുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് പേരാണ് ചടങ്ങിന് എത്തിയത്.

ഇതിന് മുന്നോടിയായി റിലയന്‍സ് ജിയോ, ട്വിറ്ററില്‍ ഇട്ട പോസ്റ്റും വൈറലായിരുന്നു. മുകേഷ് അംബാനിയുടെ മക്കള്‍ ആകാശ്, ഇഷാ, ആനന്ദ് എന്നിവര്‍ ഉള്‍പ്പെടുന്ന ബ്ലാക് ആന്‍റ് വൈറ്റ് ചിത്രത്തിന് ജിയോ നല്‍കിയ ക്യാപ്ഷന്‍, ഇന്നത്തെക്കും നാളെയ്ക്കുമായി തയ്യാറാകുന്നു എന്നതായിരുന്നു. എന്തയാലും ആ ഫോട്ടോ വൈറലായി. കിംഗ് ഖാനും അത് റീട്വീറ്റ് ചെയ്തിരുന്നു.

കൂടുതല്‍ മേഖലകളിലേക്ക് റിലയന്‍സ് കടന്നുവരും എന്ന സൂചനയാണ് മുകേഷ് അംബാനി ചടങ്ങില്‍ നല്‍കിയത്. എന്നാല്‍ ഏറ്റവും രസകരമായത് വേദിയില്‍ ഷാരൂഖ് ഖാനും ആനന്ദ് അംബാനിയും തമ്മില്‍ നടന്ന സംഭാഷണമാണ്. തന്‍റെ തടി കുറച്ച് എല്ലാവരെയും വിസ്മയിപ്പിച്ച വ്യക്തിയാണ് ആനന്ദ്. ആനന്ദിനോട് ഷാരൂഖ് ചോദിച്ചു. അത്ഭുതകരമായ മാറ്റമാണ് നിങ്ങള്‍ക്കുണ്ടായത്, എന്താണ് ഇതിന്‍റെ രഹസ്യം.

എന്നാല്‍ ആനന്ദ് പറഞ്ഞു, ഞാന്‍ എന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തത്. അപ്പോള്‍ ഷാരൂഖ് പറഞ്ഞു. എന്‍റെ സിക്സ് പാക്ക് പോലും അപ്രസക്തമാകുകയാണ് നിങ്ങള്‍ വരുത്തിയ ഈ വലിയ ശരീരിക മാറ്റത്തില്‍. ഉടന്‍ ജൂനിയര്‍ അംബാനി തിരിച്ചടിച്ചു, പേടിക്കേണ്ട ഞാന്‍ ബോളിവുഡിലേക്ക് വരുന്നില്ല.