ചിട്ടയില്ലാതെ ഭക്ഷണം കഴിക്കുന്നത് പ്രധാനമായും ദഹനപ്രക്രിയയെ ആണ് ബാധിക്കുക. സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഭക്ഷണത്തോട് മല്ലിടുമ്പോള്‍ പലപ്പോഴും ആരോഗ്യത്തെ പറ്റി ചിന്തിക്കാറില്ല. പാക്കറ്റ് ഭക്ഷണവും, ജങ്ക് ഫുഡുമെല്ലാം ധാരാളമായി കഴിക്കാന്‍ സാധ്യതയുണ്ട്

ജോലിയില്‍ നിന്നോ മറ്റ് ജീവിതസാഹചര്യങ്ങളില്‍ നിന്നോ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ധാരാളം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നവര്‍ ഉണ്ട്. ഈ 'സ്‌ട്രെസ് ഈറ്റിംഗ്' ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഇവ ഉണ്ടാക്കുക. 

ഒന്ന്...

ചിട്ടയില്ലാതെ ഭക്ഷണം കഴിക്കുന്നത് പ്രധാനമായും ദഹനപ്രക്രിയയെ ആണ് ബാധിക്കുക. സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഭക്ഷണത്തോട് മല്ലിടുമ്പോള്‍ പലപ്പോഴും ആരോഗ്യത്തെ പറ്റി ചിന്തിക്കാറില്ല. പാക്കറ്റ് ഭക്ഷണവും, ജങ്ക് ഫുഡുമെല്ലാം ധാരാളമായി കഴിക്കാന്‍ സാധ്യതയുണ്ട്. ക്രമമില്ലാത്ത ഈ ഭക്ഷണരീതി ക്രമേണ വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കും. 

രണ്ട്...

മുകളില്‍ പറഞ്ഞതുപോലെ അനാരോഗ്യകരമായ ഭക്ഷണം ചിട്ടയില്ലാതെ കഴിക്കുന്നത് വയറ്റില്‍ കൂടുതല്‍ ഗ്യാസുണ്ടാക്കാന്‍ കാരണമാകുന്നു. സാധാരണഗതിയില്‍ ശരീരത്തിലുണ്ടാകുന്നതിലും അധികം ഗ്യാസുണ്ടാകുന്നത് ക്രമേണ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം കാര്യമായി ബാധിച്ചേക്കാം. വയറുവേദന, ഛര്‍ദ്ദി, മലബന്ധം, ക്ഷീണം, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് നേരിട്ടേക്കാം. 

മൂന്ന്...

'സ്‌ട്രെസ് ഈറ്റിംഗ്' ഉറപ്പായും സമ്മാനിക്കുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് അമിതവണ്ണം. എന്തെല്ലാമാണ്- എത്ര അളവിലാണ് - എന്നെല്ലാമുള്ള ബോധമില്ലാതെയാണ് പലപ്പോഴും സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്. ഇത് തീര്‍ച്ചയായും അമിതവണ്ണത്തിലേക്കും തുടര്‍ന്ന് കൊളസ്‌ട്രോളിലേക്കും നമ്മളെ എത്തിക്കുന്നു. കൊളസ്‌ട്രോള്‍ മാത്രമല്ല, മറ്റ് പല അനുബന്ധ അസുഖങ്ങളും അമിതവണ്ണം ഉണ്ടാക്കുന്നുണ്ട്.