ജക്കാര്‍ത്ത: വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗരതിയും ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ലിനെ എതിര്‍ത്ത് ഇന്തോനേഷ്യന്‍ തെരുവുകളില്‍ പ്രതിഷേധിച്ചത് ആയിരങ്ങള്‍. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി ഇന്തോനേഷ്യന്‍ തെരുവുകള്‍ നിറഞ്ഞത്. 

വിവാഹതേര ലൈംഗിക ബന്ധം കുറ്റകരമാക്കിക്കൊണ്ടുള്ള ബില്‍ നിയമാക്കാന്‍ പ്രസിഡന്‍റുമായി നിയമനിര്‍മ്മാതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. അതേസമയം ബില്ല് വോട്ടിനിടുന്നത് താല്‍ക്കാലികമായി മാറ്റിവച്ചതായി ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയായിരുന്നു ബില്‍ വോട്ടിന് ഇടേണ്ടിയിരുന്നത്. 

വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച ജക്കാര്‍ത്തയിലെ തെരുവുകളില്‍ ഒത്തുകൂടി. ബാന്നറുകളുമായി ചിലര്‍ പാര്‍ലമെന്‍റിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. ബില്ലിനെ എതിര്‍ത്ത് യോഗ്യാകര്‍ട്ട, സെന്‍ട്രല്‍ ജാവ, മകസ്സര്‍, സുലവേസ്സി  ദ്വീപ് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. 

പാര്‍ലമെന്‍റിന്‍റെ കാലവധി ഈ മാസം കഴിയാനിരിക്കെയാണ് പ്രതിനിധികള്‍ പ്രസിഡന്‍റിനെ സമീപിച്ചത്. ബില്ല് പുതിയ പാര്‍ലമെന്‍റില്‍ വോട്ടിനിടാമെന്നും നീട്ടിവയ്ക്കുന്നതോടെ ജനങ്ങളുടെ താത്പര്യം മനസിലാക്കാനാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്‍റ് പറഞ്ഞു. 

അടുത്ത പാര്‍ലമെന്‍റില്‍ ബില്‍ പാസാകുമെന്ന പ്രതീക്ഷയാണ് എംപി മുല്‍ഫച്രി ഹരഹപ്പ് മാധ്യമങ്ങളോട് പങ്കുവച്ചത്. ''ബില്ല് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ന്യുനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരാണെന്നും സ്ത്രീകള്‍ക്കും എല്‍ജിബിടി വിഭാഗത്തിനുമെതിരാണെന്നുമെല്ലാം വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ നഹദ്ലത്തുല്‍ ഉലമ അടക്കമുള്ള ഇസ്ലാമിക് സംഘടനകള്‍ പറയുന്നത് വ്യത്യാസം ഇന്തോനേഷ്യയിലെ ജനങ്ങളുടെയും രാജ്യത്തിന്‍റെ തന്നെയും സ്വഭാവത്തിലും വ്യക്തിത്വത്തിലും പ്രകടമാകുമെന്നാണ് '' - അദ്ദേഹം പറഞ്ഞു. 

'' എനിക്കിത് തമാശയായാണ് തോനുന്നത്. കാരണം ബാലിപോലുള്ള ഇന്തോനേഷ്യയിലെ വിനേോദ സഞ്ചാരങ്ങളില്‍ വരുന്ന ദമ്പതികളില്‍ പലരും വിവാഹിതരല്ല, അവര്‍ പ്രണയിക്കുന്നവരായിരിക്കും'' - ഓസ്ട്രേലിയയില്‍ നിന്നെത്തിയ ഒരു ടൂറിസ്റ്റ് പറഞ്ഞു.