എന്ത് ആരോഗ്യപ്രശ്‌നം നേരിട്ടാലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മിക്കവാറും ആദ്യം ചോദിക്കാറ് പ്രഭാതഭക്ഷണം കൃത്യമായി കഴിക്കാറില്ലേ, എന്നാണ്. വീട്ടുകാരാണെങ്കില്‍, പ്രാതല്‍ കഴിക്കാതെ രാവിലെ തിരക്കിട്ട് കോളേജിലേക്കോ ഓഫീസിലേക്കോ ഒക്കെ ഓടുമ്പോള്‍ പിറകെ വന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കും. അല്ലേ? യഥാര്‍ത്ഥത്തില്‍ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അത്ര പ്രശ്‌നങ്ങളുണ്ടാക്കുമോ?

ഡയറ്റുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന പഠനങ്ങളൊക്കെയും രാവിലെയുള്ള ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്നാണ് അവകാശപ്പെടുന്നത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണെങ്കില്‍ കൃത്യമായി പ്രാതല്‍ കഴിക്കുന്നത് ഉപകാരപ്പെടുമെന്നും പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ വസ്തുതകളെയെല്ലാം തകിടം മറിക്കുകയാണ് പുതിയൊരു പഠനം. മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരുടേതാണ് ഈ പഠനം. പ്രഭാതഭക്ഷണം കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, വണ്ണം കൂടാനേ ഇത് ഏതെങ്കിലും രീതിയില്‍ ഉപകരിക്കൂവെന്നാണ് ഇവര്‍ പറയുന്നത്. 

രാവിലെ കഴിക്കാതിരിക്കുന്നത് പ്രധാനമായും രണ്ട് രീതിയില്‍ നമ്മുടെ ശരീരത്തെ ബാധിക്കുമെന്നാണ് മുമ്പുള്ള പഠനങ്ങളെല്ലാം സൂചിപ്പിച്ചിട്ടുള്ളത്. മണിക്കൂറുകളോളം കഴിക്കാതിരിക്കുമ്പോള്‍ വയറ്റില്‍ അസിഡിറ്റി, ഗ്യാസ് എന്നിവയുടെ പ്രശ്‌നമുണ്ടാകുമെന്നും ഇത് ക്രമേണ അള്‍സറിലേക്ക് വഴിവയ്ക്കുമെന്നും പറയുന്നതാണ് ആദ്യ പ്രശ്‌നം. രണ്ടാമതായി, രാവിലെ കഴിക്കാതിരിക്കുന്നത് മൂലം പിന്നീട് വിശപ്പ് അതിക്രമിച്ച് അമിതമായി ഭക്ഷണം കഴിക്കുകയും ഇത് വണ്ണം വയ്ക്കാന്‍ ഇടയാക്കുമെന്നും ഉള്ളത്. 

അതേസമയം, രാവിലെ കഴിക്കാതിരിക്കുന്നത് പിന്നീടുള്ള വിശപ്പിനെ അത്ര വലിയ രീതിയിലൊന്നും സ്വാധീനിക്കില്ലെന്നാണ് മെല്‍ബണില്‍ നിന്നുള്ള സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ ഇത് അമിതമായി ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ഇല്ലത്രേ. 

മാത്രമല്ല, മുടങ്ങാതെ പ്രാതല്‍ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കലോറിയെത്തുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു. അതായത് കൂടുതല്‍ വ്യായാമവും ശ്രദ്ധയും പ്രാതല്‍ കഴിക്കുന്നവര്‍ക്കാണ് ആവശ്യമെന്ന്. എന്നാല്‍ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഓരോരുത്തരുടെയും ആരോഗ്യത്തെ കൂടി അടിസ്ഥാനപ്പെടുത്തിയേ വിലയിരുത്താനാകൂവെന്നും ജീവിതശൈലീരോഗങ്ങളുടെ പിടിയിലായ ആളുകളെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല ശീലമായിരിക്കില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.