വായ്ക്കകത്തെ ഒരു വിഭാഗം ബാക്ടീരിയകളുടെ കാര്യമെടുക്കാം. ഇവയിലെ ഫാറ്റി ആസിഡുകള്‍ വെളുത്ത രക്താണുക്കളുടെ സഹായത്തോടെ വായ്ക്കകത്തുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ പോരാടും. ഇവയില്ലാതാകുന്നതോടെ വായ്ക്കകത്ത് അണുബാധയും പുണ്ണും ഉണ്ടാകുന്നു. 

ജലദോഷം മുതല്‍ അങ്ങോട്ടുള്ള ഏത് രോഗത്തിനും, അത് ചെറുതായാലും വലുതായാലും നമ്മള്‍ പെട്ടെന്ന് തന്നെ ആശ്രയിക്കുക ആന്റിബയോട്ടിക്കുകളെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ന കാര്യത്തില്‍ എപ്പോഴും ഒരു തര്‍ക്കം നിലനില്‍ക്കാറുണ്ട്. 

ശരീരത്തില്‍, നമുക്കാവശ്യമായതും അല്ലാത്തതുമായ ബാക്ടീരിയകളുണ്ട്. ഇതില്‍ നമുക്കാവശ്യമായ ബാക്ടീരിയകളെയാണത്രേ മിക്ക ആന്റിബയോട്ടിക്കുകളും കൊല്ലുന്നത്. കെയ്‌സ് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു പഠന സംഘമാണ് ഇത് കണ്ടെത്തിയത്. 

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുകയെന്നും വിദഗ്ധരടങ്ങിയ സംഘം തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന, ചിലയിനം ബാക്ടീരിയകളുണ്ടത്രേ, ഇവ നശിപ്പിക്കപ്പെടുന്നത് ശരീരപ്രവര്‍ത്തനങ്ങളുടെ ആകെ തുലനതയെ ബാധിക്കുന്നു. 

ഉദാഹരണത്തിന് വായ്ക്കകത്തെ ഒരു വിഭാഗം ബാക്ടീരിയകളുടെ കാര്യമെടുക്കാം. ഇവയിലെ ഫാറ്റി ആസിഡുകള്‍ വെളുത്ത രക്താണുക്കളുടെ സഹായത്തോടെ വായ്ക്കകത്തുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ പോരാടും. ഇവയില്ലാതാകുന്നതോടെ വായ്ക്കകത്ത് അണുബാധയും പുണ്ണും ഉണ്ടാകുന്നു. ഇതുപോലെ തന്നെയാണ് മിക്ക അവയവങ്ങളുടെയും കാര്യം. പ്രത്യേകിച്ച് ദഹനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന്‌വയവങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരയാവുക. 

'ശരീരത്തെ ആക്രമിക്കുന്ന ഫംഗസുകളെ തുരത്താന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. ശരീരം രക്ഷാകവചം പോലെ സൂക്ഷിക്കുന്ന ബാക്ടീരിയകളിലെ ഫാറ്റി ആസിഡ് ശൃംഖലയാണ് ആന്റിബയോട്ടിക്കുകൾ നശിപ്പിക്കുന്നത്.'- പഠനസംഘാംഗമായ പുഷ്പ പാണ്ഡ്യന്‍ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ വ്യാപക ഉപയോഗത്തിന് ഒരു അവസാനമുണ്ടാകാനും ഇതിന് ഒരു ബദല്‍ മാര്‍ഗം കണ്ടെത്താനും തങ്ങളുടെ പഠനം സഹായകമാണെന്നും പുഷ്പ പറയുന്നു. പഠനത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും 'ഫ്രന്റിയേഴ്‌സ് ഓഫ് മൈക്രോബയോളജി'യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.