മുഖക്കുരുവുള്ള മുന്നൂറോളം പേരെ നിരീക്ഷിച്ചും പരിശോധിച്ചുമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമൂഹം തങ്ങളെ എത്തരത്തിലാണ് നോക്കിക്കാണുന്നത് എന്ന കാര്യത്തില്‍ അമിതമായ ആശങ്ക ഇവരിലുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി

ഭക്ഷണത്തിലോ മറ്റ് ശീലങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങളോ, ഹോര്‍മോണല്‍ വ്യതിയാനമോ, കാലാവസ്ഥാ വ്യതിയാനമോ ഒക്കെയാകാം മുഖക്കുരുവുണ്ടാക്കുന്നത്. എന്നാല്‍ മുഖത്ത് മുഖക്കുരു നിറയുന്നത് വലിയ തോതിലുള്ള മാനസിക പ്രയാസങ്ങള്‍ക്കിടയാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രത്യേകിച്ച് സ്ത്രീകളിലും കൗമാരക്കാരായ ആണ്‍കുട്ടികളിലുമാണ് മുഖക്കുരു സംബന്ധിച്ച നിരാശ കാണാറ്.

മുഖക്കുരുവിന്‍റെ പേരില്‍ ആകെ ജീവിതത്തെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുകയും ക്രമേണ അട‍ഞ്ഞ സ്വഭാവത്തിലേക്കോ വിഷാദത്തിലേക്കോ എത്തുന്നതും നമുക്കിടയില്‍ സാധാരണമാണെന്നാണ് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

മുഖക്കുരുവുള്ള മുന്നൂറോളം പേരെ നിരീക്ഷിച്ചും പരിശോധിച്ചുമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമൂഹം തങ്ങളെ എത്തരത്തിലാണ് നോക്കിക്കാണുന്നത് എന്ന കാര്യത്തില്‍ അമിതമായ ആശങ്ക ഇവരിലുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ ആശങ്ക ഇവരില്‍ പലരില്‍ കടുത്ത സമ്മര്‍ദ്ദവും നിരാശയും ഉണ്ടാക്കുന്നതായും പഠനം വിലയിരുത്തി. 

വെറും മാനസിക പ്രശ്നത്തില്‍ ഈ ആശങ്കകള്‍ ഒതുങ്ങുന്നില്ല. നിരവധി ശാരീരിക പ്രശ്നങ്ങളും ഇതുണ്ടാക്കിയേക്കും. ഉറക്കമില്ലായ്മ, തലവേദന, വയറ് സംബന്ധമായ രോഗങ്ങള്‍- ഇവയെല്ലാം ഉദാഹരണം മാത്രം. 

പരസ്യങ്ങളും സിനിമകളും പോലുള്ള മാധ്യമ ഇടപെടലുകളും ഇത്തരക്കാരെ ഏറെ ബാധിക്കുമെന്ന് പഠനം കണ്ടെത്തി. തങ്ങളെ ശ്രദ്ധ കിട്ടിയേക്കാവുന്ന ഇടങ്ങളില്‍ നിര്‍ത്താന്‍ കൊള്ളില്ലെന്ന അവരുടെ ചിന്തയ്ക്ക് ആക്കം കൂട്ടുന്നതാണ് ഇങ്ങനെയുള്ള ഇടപെടലുകളെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം മുഖക്കുരുവിന്‍റെ പേരില്‍ കൂടുതല്‍ വിവേലാതിപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നത് ഇത് കൂടാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളുടെയും ഉത്കണ്ഠയുടെയും ഭാഗമായി ചിലര്‍ക്ക് മുഖക്കുരുവുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്കാണെങ്കില്‍ വീണ്ടും ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാവുകയും ഇതുവഴി മുഖക്കുരു വര്‍ധിക്കുകയും ചെയ്യുന്നു.