അമേരിക്കയിലെ ആശുപത്രികളില്‍ നിന്നാണ് കൃത്യമായ കണക്കുകള്‍ ശേഖരിച്ചത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഒരു കാരണമെന്ന് സൈക്കോളജിസ്റ്റുകള്‍
എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ വന്നാല്‍ ഉടന്‍ തന്നെ സ്വയം പീഡിപ്പിക്കുന്ന ശീലമുള്ളവരുണ്ട്. ഇതില്‍ തന്നെ പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും രീതികള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടികളാണ് മുന്‍പന്തിയിലെന്ന് കണക്ക്.
അമേരിക്കയിലെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഭീമമായ വര്‍ധനവാണ്, സ്വയം പീഡിപ്പിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2017ല്‍ മാത്രം 13,463 പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചികിത്സ തേടി ആശുപത്രികളിലെത്തിയിട്ടുണ്ട്. അതേസമയം 2017ല്‍ ചികിത്സ തേടിയെത്തിയ ആണ്‍കുട്ടികളുടെ എണ്ണം വെറും 2,332 ആണ്.
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗവും സ്‌കൂളുകളിലെയും കോളേജുകളിലെയും പഠന ഭാരവുമാണ് ഈ കണക്കുകളില്‍ പെണ്‍കുട്ടികള്‍ മുന്നിലെത്താനുള്ള പ്രധാന കാരണങ്ങളെന്നാണ് സൈക്കോളജിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
'സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരുമായി എപ്പോഴും സ്വയം താരതമ്യപ്പെടുത്താനുള്ള വാസന കൂടുന്നു. ഇത് ക്രമേണയുണ്ടാക്കുന്ന അപകര്‍ഷതാബോധമാണ് പലപ്പോഴും പെണ്‍കുട്ടികളെ സ്വയം പീഡിപ്പിക്കുന്ന സാഹചര്യത്തിലേക്കെത്തിക്കുന്നത്'- സൈക്യാട്രിസ്റ്റായ ജോണ്‍ പറയുന്നു.
പെണ്‍കുട്ടികളിലെ ഈ ശീലത്തിലുണ്ടായിരിക്കുന്ന വര്‍ധന പ്രധാന പ്രശ്‌നമായി പരിഗണിക്കേണ്ടതാണെന്നും ഇതിന് ആവശ്യമായ നടപടികള്‍ ആരോഗ്യമേഖലയുടെ നേതൃത്വത്തില്‍ കൈക്കൊള്ളണമെന്നും സൈക്കോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
