ഓണ്‍ലൈൻ മാര്‍ക്കറ്റ് വഴി വിറ്റഴിക്കപ്പെട്ട വസ്ത്രങ്ങള്‍ വ്യാപകമായി തിരിച്ചെത്തി തുടങ്ങിയതോടെയാണ് ഇതിന്‍റെ കാരണം അന്വേഷിക്കാൻ ഇവ‍ര്‍ തീരുമാനിച്ചത്.  

ലണ്ടന്‍: ഓണ്‍ലൈന്‍ വിപണികളില്‍ നിന്ന് വസ്ത്രം വാങ്ങിയ ശേഷം അത് ഏതെങ്കിലും കാരണം കൊണ്ട് തിരികെ നല്‍കുന്നവരെ വെട്ടിലാക്കുന്നതാണ് പുതിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട്. വന്‍കിട കമ്പനിയായ ബാര്‍ക്ലേകാര്‍ഡാണ് പഠനം നടത്തിയത്. 

ഓണ്‍ലൈനായി വില്‍പന നടത്തുന്ന വസ്ത്രങ്ങള്‍ വ്യാപകമായി തിരിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ കാരണം തിരക്കാന്‍ ഇവര്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇതിന് പിന്നിലെ രസകരമായ രഹസ്യം പുറത്തെത്തിയത്. 

ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത ശേഷം വസ്ത്രങ്ങള്‍ തിരിച്ചേല്‍പിക്കുന്ന ഒരു വലിയ വിഭാഗം ഉപഭോക്താക്കളുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമാണത്രേ ഇത്തരക്കാരുടെ പ്രധാന വേദി. ഇന്‍സ്റ്റഗ്രാമിന് പുറമേ ഫേസ്ബുക്ക് പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളും ഇതിന് ഉപയോഗിക്കുന്നവര്‍ കുറവല്ല. 

പുരുഷന്മാരാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളെ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 35നും 44നും ഇടയ്ക്കുള്ള സ്ത്രീകളും ഇക്കൂട്ടത്തില്‍ പെടുന്നു. എങ്കിലും താന്‍ സാമൂഹികമായി ഉയര്‍ന്ന് നില്‍ക്കണമെന്ന പുരുഷന്റെ കാഴ്ചപ്പാടാണ് പുരുഷന്മാരെ കൂടുതലായി ഇക്കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് പഠന സംഘത്തിന്റെ വിലയിരുത്തല്‍. 

പഠനത്തില്‍ പങ്കെടുത്ത പത്തിലൊരു പുരുഷന്‍ തന്റെ വസ്ത്രത്തെ കുറിച്ച് അളവിലധികം ബോധവാനായിരുന്നു. അതായത് ഒന്നില്‍ക്കൂടുതല്‍ തവണ ഒരേ വസ്ത്രത്തില്‍ സുഹൃത്തുക്കള്‍ തങ്ങളെ കാണാന്‍ പോലും ഇവര്‍ക്ക് ഇഷ്ടമില്ലത്രേ. എന്നാല്‍ സ്ത്രീകളില്‍ ഈ ബോധം പുരുഷന്മാരെക്കാള്‍ കുറവാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.