ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കിയ യുവതി, സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിച്ചത് വൈദ്യശാസ്‌ത്രത്തിന് വിസ്‌മയകരമായി. സൂപ്പര്‍ഫെറ്റേഷന്‍ എന്നറിയപ്പെടുന്ന അത്യപൂര്‍വ്വ പ്രതിഭാസമാണ് ജെസിക്ക അലന്‍ എന്ന യുവതിയുടെ വയറ്റില്‍ ഇരട്ടകുട്ടികള്‍ ഉണ്ടാകാന്‍ കാരണമായത്. ആദ്യം സ്‌കാന്‍ ചെയ്‌തപ്പോള്‍ ഇരട്ടകുട്ടികളാണെന്നു കരുതിയിരുന്നെങ്കിലും വിശദമായ പരിശോധനയില്‍ രണ്ടു ഭ്രൂണങ്ങളാണ് വയറ്റില്‍ വളരുന്നതെന്ന് വ്യക്തമായത്. ചൈനീസ് ദമ്പതികളുടെ കുട്ടിയെ ഗര്‍ഭം ധരിച്ചതിന് തൊട്ടുപിന്നാലെയാണ് ജെസിക്ക, ഭര്‍ത്താവില്‍നിന്ന് ഗര്‍ഭം ധരിച്ചത്. ഒമ്പത് മാസം പിന്നിട്ടപ്പോള്‍ ജെസിക്ക പ്രസവിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് ദമ്പതികളുടെ കുഞ്ഞിനെ, ജെസിക്കയെ കാണിക്കുകപോലും ചെയ്യാതെ, യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ അവര്‍ അമേരിക്കയില്‍നിന്ന് ചൈനയിലേക്ക് മടങ്ങുകയും ചെയ്തു. വാടകഗര്‍ഭപാത്രത്തിന് പ്രതിഫലമായി 30000 അമേരിക്കന്‍ ഡോളര്‍ ചൈനീസ് ദമ്പതികള്‍ ജെസിക്കയ്‌ക്ക് നല്‍കുകയും ചെയ്തു. ഡിഎന്‍എ പരിശോധനയിലൂടെ, രണ്ടാമത്തെ കുഞ്ഞിന്റെ അമ്മ ജെസിക്ക ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. രണ്ടും ആണ്‍കുട്ടികളാണ്. ഗര്‍ഭിണിയായിരിക്കുന്നവരില്‍ അത്യപൂര്‍വ്വമായി അണ്ഡോല്‍പാദനം നടക്കുമ്പോഴാണ് സൂപ്പര്‍ഫെറ്റേഷന്‍ എന്ന പ്രതിഭാസം ഉണ്ടാകുന്നത്.