പങ്കാളിയുമായുള്ള സാമൂഹികവും, വൈകാരികവുമായ ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമേ സമ്പൂര്‍ണ്ണമായ ലൈംഗികജീവിതവും സാധിക്കുകയുള്ളൂ. ഇതിനായി ചില എളുപ്പവഴികളും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട് 

പ്രായവും സെക്‌സും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നും അതെല്ലാം മനസ്സിന്റെ വിഷയങ്ങളാണെന്നുമൊക്കെ ആളുകള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ പ്രായവും സെക്‌സും തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്. 

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'നിയോ ജി' എന്നസ്ഥാപനമാണ് ഈ വിഷയത്തില്‍ ഒരു സര്‍വേ നടത്തിയത്. പ്രായമായവരിലെ സെക്‌സ് ചെറുപ്പക്കാരെ അപേക്ഷിച്ച് കുറെക്കൂടി പ്രധാനമാണെന്നാണ് സര്‍വേ വിലയിരുത്തുന്നത്. ചെറുപ്പമായും ആരോഗ്യപൂര്‍ണ്ണമായും ജീവിക്കാന്‍ എത്ര പ്രായമായാലും ലൈംഗികജീവിതം തുടരണമെന്ന് തന്നെയാണ് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ആഴ്ചയിലൊരിക്കലെങ്കിലും പങ്കാളിയുമായി സെക്‌സിലേര്‍പ്പെടുന്ന പതിവുള്ളവര്‍ക്ക് 15 വര്‍ഷമെങ്കിലും ആയുസ് വര്‍ധിപ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. അമ്പത് വയസ്സോ അതിലധികമോ ആയ ആളുകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലെടുക്കേണ്ടതെന്നും, ഇവര്‍ ആഴ്ചയിലൊരിക്കല്‍ എന്നത്, മൂന്നോ നാലോ തവണയായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

പങ്കാളിയുമായുള്ള സാമൂഹികവും, വൈകാരികവുമായ ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമേ സമ്പൂര്‍ണ്ണമായ ലൈംഗികജീവിതവും സാധിക്കുകയുള്ളൂ. ഇതിനായി ചില എളുപ്പവഴികളും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്. ചെറിയതോതിലുള്ള വ്യായാമം, പങ്കാളിയുമായി പുറത്തുപോകല്‍, രാവിലെയോ വൈകീട്ടോ അല്‍പദൂരം ഒരുമിച്ച് നടക്കുക, ആഴ്ചയിലൊരിക്കലോ, അവധിദിവസങ്ങളിലോ ചെറിയ യാത്ര പോവുക, വളര്‍ത്തുമൃഗങ്ങളുമൊത്ത് സമയം ചെലവഴിക്കുക- ഇങ്ങനെ പോകുന്നു മാര്‍ഗങ്ങള്‍.

ശുഭചിന്തകളോടെ ജീവിതത്തിലെ എല്ലാ മേഖലയിലും സജീവമായി നില്‍ക്കുന്നവരിലാണ് ലൈംഗികതയോടുള്ള താല്‍പര്യവും സര്‍വേ കണ്ടെത്തിയത്. താരതമ്യേന എല്ലായിടത്ത് നിന്നും മാറിനില്‍ക്കുന്നവര്‍ക്ക് ലൈംഗികജീവിതത്തോടും മടുപ്പുണ്ടായിരിക്കുമത്രേ. 

'പ്രായത്തെ അതിജീവിക്കാന്‍... അല്ലെങ്കില്‍, എല്ലായ്‌പോഴും ചെറുപ്പമായിരിക്കാന്‍ മനുഷ്യര്‍ കാലങ്ങളായി ആഗ്രഹിക്കുന്നതാണ്. ഞങ്ങളുടെ അന്വേഷണം ആ അര്‍ത്ഥത്തില്‍ ചില വിഷയങ്ങളെങ്കിലും ശ്രദ്ധയില്‍ പെടുത്താന്‍ സഹായിക്കുന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- സര്‍വേയ്ക്ക് നേതൃത്വം കൊടുത്ത പോള്‍ സ്റ്റാര്‍ക്കി പറഞ്ഞു.