ഐക്യരാഷ്‌ട്രസഭയില്‍ വാക്‌പോരും അതിര്‍ത്തിയില്‍ വെടിവെയ്‌പ്പും തുടരുമ്പോഴും ഇന്ത്യയുടെ കാരുണ്യസ്‌പര്‍ശം അനുഭവിക്കാന്‍ ഒരു പാക് പെണ്‍കുട്ടി. ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയ ഏഴു വയസുകാരി മഹാ ഷൊയ്ബിന്റെ ചികില്‍സയ്‌ക്കായാണ് ഇന്ത്യ അവസരമൊരുക്കുന്നത്. പാകിസ്ഥാനിലെ ആശുപത്രികളില്‍ ലഭ്യമല്ലാത്ത വിദഗ്ദ്ധ ചികില്‍സയ്‌ക്കായാണ് കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മെഡിക്കല്‍ വിസയ്‌ക്കായുള്ള കുട്ടിയുടെ അമ്മ നിദാ ഷൊയ്‌ബിന്റെ അപേക്ഷ വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കുന്നുവെന്നും, മകളുടെ അസുഖം വേഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും സുഷമ ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍നിന്ന് ചികില്‍സയ്‌ക്കായി മെഡിക്കല്‍ വിസ അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കുമെന്ന് സുഷമ സ്വരാജ് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം അതീവ ഗുരുതരാവസ്ഥയിലായ റൊഹാന്‍ എന്ന കുഞ്ഞിനും ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു.