ചര്‍മ്മ പരിപാലനത്തിനാണ് ചായപ്പൊടി ഏറ്റവും ഉത്തമം മുറിവുകളും പൊള്ളലും ഉണക്കാനും ഏറെ സഹായകം

ടീ ബാഗ് സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും മലയാളികള്‍ക്കായിട്ടില്ലെങ്കിലും മുമ്പത്തേക്കാള്‍ നല്ല തോതില്‍ അടുക്കളകള്‍ ടീ ബാഗുകളെ വരവേറ്റ് തുടങ്ങി. വിപണിയില്‍ ഗുണമേന്മയുള്ള ടീ ബാഗുകളും ധാരാളമായി വന്നുതുടങ്ങിയിരിക്കുന്നു. പൊതിച്ചായ ഉണ്ടാക്കിക്കുടിച്ചാല്‍ അടുത്ത പ്രതിസന്ധിയിതാണ്, പാഴ്‍വസ്തുവാകുന്ന ടീ ബാഗുകള്‍ എന്തുചെയ്യും? 

മുഴുവനായി ഉപയോഗിക്കപ്പെടാതെ, ചായപ്പൊടിയുടെ നല്ലൊരു ഭാഗവും കളയേണ്ടി വരുന്ന അവസ്ഥ. ഇനി ആ ആശങ്ക വേണ്ട. ടീ ബാഗുകളെ ആരോഗ്യപ്രദമായി ഉപയോഗിക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്.

1. വായ്പുണ്ണ് മാറ്റാം

വായ്പുണ്ണ് മിക്കവാറും ആളുകള്‍ ഇടവേളകള്‍ക്കിടയില്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നം തന്നെയാണ്. എപ്പോഴും വായ്പുണ്ണ് മാറ്റാനുള്ള പൊടിക്കൈകള്‍ അന്വേഷിക്കണം. ഇതിനായി ചായയിട്ട ശേഷം ടീ ബാഗ് ഒന്ന് തണുപ്പിച്ചെടുക്കണം. ശേഷം പുണ്ണുള്ള ഭാഗത്ത് അമര്‍ത്തി അല്‍പനേരം വയ്ക്കുക. 

2. മുറിവുണക്കാം

കത്തിയോ മറ്റോ തട്ടി കൈ മുറിഞ്ഞാല്‍ ചെയ്യാവുന്ന ചികിത്സകളെപ്പറ്റി എല്ലാക്കാലവും തര്‍ക്കമാണ്. ചായപ്പൊടിയ്ക്ക് എളുപ്പത്തില്‍ രക്തം കട്ട പിടിപ്പിക്കാന്‍ കഴിയും. അല്‍പം ചൂടുവെള്ളത്തിലിട്ട ടീ ബാഗ് മുറിഞ്ഞയിടത്ത് 30 സെക്കന്റോളം വയ്ക്കുക. രക്തം കട്ട പിടിച്ച ശേഷം മുറിവില്‍ ബാന്‍ഡേജ് വയ്ക്കാവുന്നതാണ്. 

3. പൊള്ളലിനെ ശമിപ്പിക്കാം

പൊള്ളിയ സ്ഥലങ്ങളില്‍ ചായപ്പൊടി വിതറുന്നത് വീടുകളിലെയെല്ലാം പഴയ ഒരു ശീലമാണ്. പൊള്ളലേറ്റ ലങ്ങളില്‍ അണുബാധ വരാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ബാക്ടീരിയകളെ തുരത്താനുള്ള ചായപ്പൊടിയുടെ കഴിവ് അണുബാധയെ ചെറുക്കും. പഴുപ്പ് പടരാത്തതിനാല്‍ തന്നെ വേദനയും എളുപ്പത്തില്‍ കുറഞ്ഞുകിട്ടും.

4. തൊലിപ്പുറത്തെ അണുബാധയൊഴിവാക്കാം

തൊലിപ്പുറത്തെ അണുബാധയൊഴിവാക്കാന്‍ നേരിയ നനവുള്ള ടീ ബാഗ് അണുബാധയുള്ളയിടത്ത് വയ്ക്കുക. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അണുക്കള്‍ കടക്കും മുമ്പേ തൊലിയെ രക്ഷപ്പെടുത്തിയെടുക്കാനാകും. ബാധിച്ച സ്ഥലത്തെ പെട്ടെന്ന് ഉണക്കി മുക്തമാക്കാനുമാകും. 

5. സൂര്യതാപത്തെ ചെറുക്കാം

ഗ്രീന്‍ ടീയുടെ ബാഗാണെങ്കില്‍ സണ്‍ സ്‌ക്രീമായി ഉപയോഗിക്കാന്‍ ഉത്തമമാണ്. വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ ഗ്രീന്‍ ടീ ബാഗ് കൊണ്ട് ചെറിയ മസാജ് നടത്തുന്നത് അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഏറെ സഹായകമാണ്. മാത്രമല്ല സൂര്യതാപമേറ്റ് പൊള്ളിയ ഇടങ്ങളിലും ഗ്രീന്‍ ടീ ബാഗ് ഉപയോഗിക്കാവുന്നതാണ്.

6. കാലിനെ വൃത്തിയാക്കാം

കാലിലെ ഈര്‍പ്പമണം ഒഴിവാക്കാനും പാദങ്ങളിലെ തൊലി വൃത്തിയായി സൂക്ഷിക്കാനും തേയില ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു വലിപ്പമുള്ള പാത്രത്തിലെടുത്ത ചൂടുവെള്ളത്തില്‍ ടീ ബാഗുകളിടുക. കാല്‍ അല്‍പനേരം അതില്‍ ഇറക്കിവയ്ക്കുക.

ഉപയോഗിച്ച ടീ ബാഗ് ഏറെ നേരം വൃത്തിഹീനമായി ഇട്ട ശേഷം ആരോഗ്യ പരിപാലനത്തിന് ഉപയോഗിക്കുന്നതും, കൃത്യമായ രീതിയിലല്ലാതെ ഉപയോഗിക്കുന്നതുമെല്ലാം മറിച്ചുള്ള ഫലം ചെയ്യുമെന്നും ഓര്‍ക്കണേ...