ഗര്‍ഭം ധരിക്കുകയെന്നത് ഇന്നത്തെ കാലത്ത് മുന്‍കൂട്ടി പദ്ധതിയിട്ട് നടക്കുന്ന കാര്യമല്ലെന്ന് തന്നെ പറയേണ്ടിവരും. പ്രത്യേകിച്ചും വന്ധ്യത ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി വരുന്ന ഇക്കാലത്ത്. ആഗ്രഹിക്കുമ്പോള്‍ നടന്നെന്ന് വരില്ല, അതുപോലെ, അപ്രതീക്ഷിതമായി സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഗര്‍ഭം ധരിക്കുന്നതിന് അനുയോജ്യമായ മാസവും പ്രതികൂലമായ മാസവുമുണ്ടോ? ജനിക്കുന്ന കുട്ടി വളര്‍ന്ന് എഴുത്തുനിരുത്തുന്ന സമയം, സ്‌കൂളില്‍ ചേരുന്ന സമയം, അതേപോലെ കൊടും വേനല്‍ക്കാലത്തെ ഗര്‍ഭകാലം ഒഴിവാക്കുക എന്നീ ഘടകങ്ങളൊക്കെ പരിഗണിച്ചാണ് ഗര്‍ഭത്തിന് അനുയോജ്യവും പ്രതികൂലവുമായ സമയം നിശ്ചയിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ജൂണിനും ഓഗസ്റ്റിനുമിടയില്‍ ഗര്‍ഭം ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. നമ്മുടെ നാട്ടിലെ കാലാവസ്ഥയും പനിക്കാലവും പരിഗണിച്ച് മെയില്‍ ഗര്‍ഭം ധരിക്കുന്നത് അത്ര നല്ലതല്ല. ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് ഗര്‍ഭിണിയായിരിക്കുന്നത്, അപകടകരമായ സാഹചര്യമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. വേനല്‍ക്കാലത്ത് ഗര്‍ഭംധരിക്കുന്നവര്‍ പ്രസവിക്കുന്നത് നല്ല ഭാരമുള്ള കുട്ടികളെയായിരിക്കുമെന്നും പറയുന്നുണ്ട്. ആറു ലക്ഷത്തോളം ഗര്‍ഭിണികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.