മറ്റ് എന്തിനേക്കാളും പ്രധാനമാണ് ആരോഗ്യസംരക്ഷണം. തിരക്കേറിയ ജീവിതത്തില്‍ പലരും ആരോഗ്യസംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ഇതാണ് ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണമാകുന്നത്. ഇവിടെയിതാ, ഏതൊരാളും പിന്തുടരേണ്ട, പ്രധാനപ്പെട്ട ചില ആരോഗ്യശീലങ്ങള്‍ നല്‍കുന്നത്... അവ എന്തൊക്കെയാണെന്ന് നോക്കാം...

1, ഭക്ഷണം ഒന്നും ഒരേസമയത്ത്-

സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് അനാരോഗ്യത്തിന് ഇടയാക്കും. കുറഞ്ഞത് ഉച്ചഭക്ഷണം എങ്കിലും, ദിവസവും കൃത്യമായ സമയത്ത് കഴിച്ചു ശീലിക്കണം. ഉച്ചഭക്ഷണം ഒരു മണിക്കൂര്‍ വൈകുമ്പോള്‍തന്നെ സ്‌ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഉയരാന്‍ തുടങ്ങും. ഈ അവസ്ഥ ഒഴിവാക്കാന്‍, ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ കഴിവതും ഒരേസമയത്ത് ആക്കണമെന്നാണ് പ്രമുഖ ഓങ്കോളജിസ്റ്റായ ഡേവിഡ് ബി ആഗസ് തന്റെ പുസ്‌തകമായ ദ എന്‍ഡ് ഓഫ് ഇല്‍നെ‌സിലൂടെ പറയുന്നത്.

2, ലഗേജില്‍ സാധനങ്ങള്‍ വെയ്‌ക്കുന്നത് കിടക്കയില്‍വെച്ച് വേണം!-

തറയില്‍വെച്ച് ലഗേജില്‍ സാധനങ്ങള്‍ നിറയ്‌ക്കുന്ന ശീലം ഒഴിവാക്കുക. കിടക്കയില്‍ സ്യൂട്ട് കേസ് വെച്ച ശേഷം, സാധനങ്ങള്‍ നിറയ്‌ക്കുന്നതാണ് നല്ലത്. ഇത് പുറംവേദനയും നടുവേദനയും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ഓര്‍ത്തോപീഡിക്‌സ് വിദഗ്ദ്ധര്‍ പറയുന്നത്.

3, വായന, സംഗീതം, ഗെയിം ശീലമാക്കണം-

ദിവസവും കുറച്ചുസമയം വായനയ്‌ക്കും, സംഗീതാസ്വാദനത്തിനും വീഡിയോ ഗെയിം കളിക്കുന്നതിനുമായി മാറ്റിവെക്കുക. ഇത് മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കും.

4, ടീബാഗ് ഉപയോഗിക്കുന്നതിനും ഒരു രീതിയുണ്ട്-

ദിവസം രണ്ടു ചായ കുടിച്ചിരിക്കണം. അതില്‍ കൂടുതലാകാന്‍ പാടില്ല. ചായ കുടിച്ചാല്‍, ഹൃദയാഘാതം, ചിലതരം ക്യാന്‍സറുകള്‍, പാര്‍ക്കിന്‍സണ്‍ രോഗം, തുടങ്ങിയവയൊക്കെ അകറ്റാന്‍ സാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടീബാഗ് ഉപയോഗിച്ച് ചായ കുടിക്കുമ്പോള്‍, ടീബാഗ്, അഞ്ചുമിനിട്ടെങ്കിലും ചായ കപ്പില്‍ ഇട്ടിരിക്കണം. ചായപ്പൊടിയിലെ ആന്റി ഓക്‌സിഡന്റുകള്‍ പൂര്‍ണമായും ചായയിലേക്ക് എത്താന്‍ ഇത് സഹായിക്കും.

5, നില്‍ക്കാനും സമയം കണ്ടെത്തണം-

ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, ഇടയ്‌ക്കിടയ്‌ക്ക് നില്‍ക്കാനും സമയം കണ്ടെത്തണം. ഇടവേളകളില്‍ വേണമെങ്കില്‍ അഞ്ചു മിനിട്ട് നടത്തയുമാകാം. ഇങ്ങനെ ചെയ്താല്‍, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ വരുന്നത് ഒരു പരിധി വരെ തടയാനാകും.

6, മാംസാഹാരം കുറയ്‌ക്കാം-

നമ്മള്‍ സാധാരണഗതിയില്‍ കഴിക്കുന്ന മാംസാഹാരത്തിന്റെ അളവ്, കുറയ്‌ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്‌ക്കാന്‍ സഹായിക്കും.

7, ഭക്ഷണം ഉണ്ടാക്കുന്ന തവണകള്‍ കൂട്ടാം-

ചിലര്‍ ദിവസം ഒരു നേരം മാത്രമായിരിക്കും ഭക്ഷണം ഉണ്ടാക്കുക. അതുതന്നെ ഉച്ചയ്‌ക്കും രാത്രിയും ഫ്രിഡ്ജില്‍വെച്ച് പിറ്റേന്നും ഉപയോഗിക്കും. ദിവസങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. ഇതൊക്കെ മോശം ശീലമാണ്. ഭക്ഷണം പാകം ചെയ്യുന്നതിന്റെ തവണകള്‍ വര്‍ദ്ധിപ്പിക്കാം. ദിവസം രണ്ടു മൂന്നു നേരമെങ്കിലും ഭക്ഷണം പാകം ചെയ്യുക. ഫ്രി‍ഡ്ജില്‍വെച്ച് പിന്നീട് ചൂടാക്കി ഉപയോഗിക്കാതിരിക്കുക.