രമ്യ ആര്‍

ഓര്‍മ്മക്കുറവ് കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. പഠിക്കുന്നത് ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്ന പരാതിയാണ് കുട്ടികള്‍ക്ക്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓര്‍മ്മക്കുറവ് നമുക്ക് പരിഹരിക്കാനാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. അവയില്‍ ചിലത് താഴെ പറയുന്നു:

1, ജിമ്മില്‍ പോകുന്നത് ശീലമാക്കൂ
ജിമ്മില്‍ പോകുക എന്നത് ചെറുപ്പക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടത് എന്ന ചിന്ത മറന്നേക്കൂ. പ്രായമായവര്‍ ജിമ്മില്‍ പോകുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും എന്ന് പഠനം വ്യക്തമാക്കുന്നു. ഡള്ളസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഒരാഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവമെങ്കിലും ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും എന്ന് ഗവേഷകര്‍ അഭിപ്രായപെടുന്നു.

2, മദ്യം ഉപേക്ഷിക്കൂ
മധ്യവസ്‌കനായ ഒരാള്‍ ഒരു ദിവസം രണ്ടോ അതിലധികമോ ഗ്ലാസ് മദ്യം കുടിക്കുകയണെങ്കില്‍ അത്തരത്തിലുള്ളവര്‍ക്ക് ഓര്‍മ്മ കുറവ് ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ അമിത മദ്യപാനം ഉപേക്ഷിക്കുന്നതാകും നല്ലത്.

3, നന്നായി ഉറങ്ങൂ
നല്ല ഉറക്കം മനസിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കുന്നു. കൂടുതല്‍ ഉറക്കം ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നല്ലൊരു ദിവസവും പ്രദാനം ചെയ്യുന്നു. കുട്ടികളെ ആവശ്യത്തിന് ഉറക്കം ശീലമാക്കുകയാണെങ്കില്‍ അവരുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ശരീരത്തിനും മനസ്സിനും ഉണര്‍വ്വ് നല്‍കുമെന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പഠനം പറയുന്നു.

4, ഭക്ഷണശീലം മാറ്റാം
ദിവസവും ഒരു ഭക്ഷണം തന്നെ കഴിക്കാതെ ഭക്ഷണ ശീലത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക. ദിവസവും ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. സൂപ്പ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുകയും ജിമ്മില്‍ കഴിയുന്ന ദിവസത്തോളം പോയി വ്യായാമം ചെയ്യുകയും ചെയ്യുക.

5, പച്ചക്കറികള്‍ ശീലമാക്കൂ
ആഹാരത്തില്‍ കൂടുതലായി ഇലക്കറികളും പച്ചകറികളും ഉള്‍കൊള്ളിക്കുക. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പോഷകാഹാരം കൂടുതലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യര്‍ക്കുമാത്രമല്ല ചില പച്ചക്കറികള്‍ മ്യഗങ്ങള്‍ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

6, യോഗ പതിവാക്കാം
ദിവസവുമുള്ള ധ്യാനവും യോഗയും ഉത്ക്കണ്ഠ, വിഷാദം, ആസക്തി എന്നിവ വരാതെ കാക്കുന്നു. കൂടാതെ നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ധ്യാനവും യോഗയും സഹായകമാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് നാല് ദിവമെങ്കിലും 45 മിനുട്ട് നേരം ധ്യാനവും യോഗയും ചെയ്യണം. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നല്ലൊരു ദിവസവും നമുക്ക് പ്രദാനം ചെയ്യുന്നു.

7, കാപ്പി നല്ലതാണ്
കാപ്പിക്കുരു ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ആയതിനാല്‍ ദിവസവുമുള്ള കാപ്പി ഉപയോഗം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

8, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ മറ്റ് ഭക്ഷണ പദാര്‍തഥങ്ങള്‍ കൂടി ശ്രദ്ധിക്കുക.

മല്‍സ്യം
മല്‍സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കശുവണ്ടി
കശുവണ്ടിയും ചോക്കലേറ്റും ഉപയോഗിക്കുക. ചോക്കലേറ്റില്‍ കാപ്പിക്കുരു അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കശുവണ്ട വിറ്റാമിന്‍ ഇയുടെ കലവറയാണ്.

വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നില നിര്‍ത്താന്‍ സഹായകമാണ്. ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കാബേജ്, കോളിഫ്ളവര്‍
കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. ഇത് ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ സഹായകമാണ്.