ഹണിമൂണ്‍ യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവാഹശേഷം മധുവിധു യാത്ര അല്ലെങ്കില്‍ ഹണിമൂണ്‍ യാത്ര എന്നത് ഒഴിവാക്കാനാകാത്ത കാര്യമായി മാറിയിട്ടുണ്ട്. ഹണിമൂണിനായി പലരും വളരെ ദൂരെമേറിയ വിവിധ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. ചിലപ്പോള്‍ ഹില്‍ സ്റ്റേഷനാകാം, അതുമല്ലെങ്കില്‍ ബീച്ച് ഏരിയയാകാം. ഏതായാലും ഹണിമൂണ്‍ യാത്രയ്ക്ക് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് സ്ത്രീകള്‍ എടുക്കേണ്ട മുന്‍കരുതല്‍. ഇവിടെയിതാ, ഹണിമൂണ്‍ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സ്ത്രീകള്‍ ഉറപ്പായും കൈയില്‍ കരുതേണ്ട നാല് കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

1. വസ്ത്രങ്ങള്‍...

സ്ഥലത്തിന്(ബീച്ച്, ഹില്‍സ്റ്റേഷന്‍) അനുയോജ്യമായ വസ്ത്രങ്ങള്‍ കരുതിയിരിക്കണം. ബീച്ച് ആണെങ്കില്‍ അവിടെ ധരിക്കാന്‍ അനുയോജ്യമായ വസ്ത്രങ്ങളും ഹില്‍ സ്റ്റേഷനാണെങ്കില്‍ അവിടുത്തെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വസ്ത്രങ്ങളും കരുതണം. ഹണിമൂണ്‍ യാത്രയ്ക്കുള്ള വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍, പങ്കാളിക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്ന വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്.

2. ചര്‍മ്മസംരക്ഷണ വസ്തുക്കള്‍...

ഹണിമൂണ്‍ യാത്രയാണെങ്കിലും ചര്‍മ്മ സൗന്ദര്യ സംരക്ഷണം പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഹണിമൂണിന് പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സണ്‍ക്രീന്‍ ലോഷന്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ കരുതാന്‍ മറക്കരുത്. അതുപോലെ കേശസംരക്ഷണത്തിനുവേണ്ടിയുള്ള എണ്ണ, ഷാംപൂ തുടങ്ങിയവയും മറക്കരുത്. അതുപോലെ തന്നെ മേക്കപ്പ് ധാരാളം ഇടുന്നവരാണെങ്കില്‍ അതും എടുക്കാന്‍ മറക്കേണ്ട.

3. സാനിറ്ററി നാപ്കിന്‍...

പെണ്‍കുട്ടികള്‍ എവിടെ പോയാലും കരുത്തേണ്ട ഒന്നാണ് സാനിറ്ററി നാപ്കിനുകള്‍. ഹണിമൂണിന് പോകുമ്പോള്‍ പ്രത്യേകിച്ച് കൈയില്‍ കരുതേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. ഹോട്ടല്‍മുറിയില്‍നിന്ന് ഏറെ നേരം പുറത്ത് കറങ്ങേണ്ടിവരുന്നവരും, ആര്‍ത്തവദിനങ്ങളാണെങ്കിലും സാനിറ്ററി നാപ്കിന്‍ ഉറപ്പായും കൈയില്‍ കരുതണം.

4. ഗര്‍ഭനിരോധന ഉറകള്‍...

വിവാഹശേഷം ഉടന്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും ഗര്‍ഭനിരോധന ഉറകള്‍ ആവശ്യത്തിന് കരുതിയിരിക്കണം.