നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന പല വസ്തുക്കളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. തൊലിപ്പുറത്ത് അണുബാധയുണ്ടാകുന്നത് ഒഴിവാക്കാന്‍ പത്ത് വഴികൾ

തൊലിപ്പുറത്തുണ്ടാകുന്ന അണുബാധ, പലപ്പോഴും ഒരു ശാരീരികാവസ്ഥയില്‍ നിന്ന് വിട്ട്, മാനസികമായി തന്നെ ബാധിക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ട്, പല തരത്തിലുള്ള അണുബാധകള്‍ തൊലിയിലുണ്ടായേക്കാം. ബാക്ടീരിയ, ഫംഗസ്, പാരസൈറ്റുകള്‍ തുടങ്ങിയവ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പുറമെ കാലാവസ്ഥാ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, ഗര്‍ഭാവസ്ഥ, സൂര്യതാപം, പ്രമേഹം തുടങ്ങി ഒട്ടേറെ ശാരീരിക-മാനസികാവസ്ഥകള്‍ അണുബാധയ്ക്ക് കാരണമാകുന്നു. 

എങ്കിലും നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ തൊലിപ്പുറത്തെ അണുബാധകള്‍ ഒഴിവാക്കാവുന്നതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

1. സോപ്പുപയോഗിച്ചും വെറും വെള്ളത്തിലുമായി ദിവസത്തില്‍ തന്നെ പല തവണ കൈ കഴുകാന്‍ ശ്രദ്ധിക്കുക. 
2. ഭക്ഷണമോ വെള്ളമോ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ ശ്രദ്ധിക്കുക. പരിചയമില്ലാത്തവരോ അടുപ്പമില്ലാത്തവരോ ആണെങ്കില്‍ അത്തരം സന്ദര്‍ഭങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. 
3. അണുബാധയുള്ള ആളുകളുമായി ഇടപഴകുമ്പോള്‍ കരുതുക. തൊലിയുമായി നേരിട്ടുള്ള ബന്ധം പുലര്‍ത്തരുത്. 
4. പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന സാമഗ്രികള്‍/ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. 
5. സ്വകാര്യമായി ഉപയോഗിക്കുന്ന ടവല്‍, പുതപ്പ്, സോപ്പ്, ചീപ്പ്, അടിവസ്ത്രങ്ങള്‍ ഇത്തരം വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. 
6. രാത്രിയില്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറങ്ങാന്‍ ശ്രദ്ധിക്കുക. 
7. ധാരാളം വെള്ളം കുടിക്കുക.
8. ശാരീരികവും മാനസികവുമായി അമിത സമ്മര്‍ദ്ദങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. 
9. ധാരാളം പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
10. ചിക്കന്‍ പോക്‌സ് പോലുള്ള അസുഖങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. അത്തരത്തില്‍ ലഭ്യമായ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുക.