Asianet News MalayalamAsianet News Malayalam

ഹൃദയം കാക്കാം, പൊന്നുപോലെ; ഹൃദയദിനത്തില്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍...

ഉപ്പിന്റെ ഉപയോഗം അധികമാകാതെ നോക്കുന്നതും ഹൃദയത്തിന് നന്ന്. നല്ലരീതിയില്‍ ഉപ്പ് ഉപയോഗിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതയും ഇത് പിന്നീട് ഹൃദയസ്തംഭനത്തിനുള്ള കാരണമാവുകയും ചെയ്‌തേക്കാം
 

things to care on world heart day
Author
Trivandrum, First Published Sep 28, 2018, 11:50 PM IST

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ജീവന്റെ തന്നെ താക്കോലായ ഹൃദയത്തിന്റെ ആരോഗ്യത്തെ പറ്റി കൃത്യമായ ബോധവത്കരണം നടത്താനും, ഹൃദയാരോഗ്യത്തെ പറ്റി ഓര്‍മ്മിപ്പിക്കാനുമായി ലോകം ഒന്നര ദശകത്തോളമായി വര്‍ഷത്തില്‍ ഒരു ദിവസം മാറ്റിവയ്ക്കുന്നു. ഹൃദയദിനമായി സെപ്തംബര്‍ 29 കടന്നുപോകുമ്പോള്‍ ഓര്‍ക്കാം, ഹൃദയത്തിനായി ചില കാര്യങ്ങള്‍...

നല്ല ഡയറ്റ് സൂക്ഷിക്കാം...

ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ പലപ്പോഴും നമ്മുടെ സാഹചര്യങ്ങള്‍ അനുവദിക്കണമെന്നില്ല. എങ്കിലും അപകടകരമായ ഡയറ്റ് പിന്തുടരാതിരിക്കുന്നതിലൂടെ ഹൃദയായുസ്സ് അല്‍പം കൂടി വര്‍ധിപ്പിക്കാം. 

പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ -ഇവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. ഹൃദയത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടവരാണെങ്കില്‍ ഡോക്ടറോട് നിര്‍ദേശം വാങ്ങിയ ശേഷം മാത്രം ഡയറ്റ് തീരുമാനിക്കുക.

things to care on world heart day

ഉപ്പിന്റെ ഉപയോഗം അധികമാകാതെ നോക്കുന്നതും ഹൃദയത്തിന് നന്ന്. നല്ലരീതിയില്‍ ഉപ്പ് ഉപയോഗിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതയും ഇത് പിന്നീട് ഹൃദയസ്തംഭനത്തിനുള്ള കാരണമാവുകയും ചെയ്‌തേക്കാം. ഉപ്പ് മാത്രമല്ല ഉപ്പ് ചേര്‍ന്നുവരുന്ന ഭക്ഷണത്തിന്റെ ഉപയോഗവും ശ്രദ്ധിക്കണം. സോള്‍ട്ടഡ് നട്‌സ്, കാനിലോ പാക്കറ്റിലോ വരുന്ന സൂപ്പുകള്‍, സോസ്, ബേക്കഡ് ബീന്‍സ്, പിസ, റെഡി മീല്‍സ്- ഇവയെല്ലാം അല്‍പം നിയന്ത്രിക്കുക. 

കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനാകും. കൂടാതെ മത്തി, ഐല, ചൂര, കോര തുടങ്ങിയ എണ്ണയുടെ അംശമുള്ള മീനുകള്‍, സ്റ്റാര്‍ച്ചടങ്ങിയ ഭക്ഷണം ഇവയെല്ലാം ഹൃദയത്തിന് ഗുണകരമായവയാണ്. 

വിട പറയാം ലഹരികളോട്...

പുകവലിയും മദ്യപാനവും കുറച്ചൊന്നുമല്ല ഹൃദയാരോഗ്യത്തെ ബാധിക്കുന്നത്. ഹൃദയസ്തംഭനത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യതകളാണ് ഇവ തുറന്നിടുന്നത്. ഹൃദയപേശികളില്‍ തകരാറുണ്ടാവുകയും തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടാകാനുമാണ് ഇവ വഴിവയ്ക്കുന്നത്. 

വ്യായാമവും ശരീരഭാരവും...

things to care on world heart day

ഹൃദയാരോഗ്യത്തിന് മിതമായ വ്യായാമം ശീലമാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ശരീരത്തിന് ദോഷം വരുത്തുന്ന തരം ജീവിതരീതികളിലാണ് ഇപ്പോള്‍ നമ്മളുള്ളത്. ദിവസത്തില്‍ അര മണിക്കൂറെങ്കിലും ശരീരം സജീവമാക്കി നിര്‍ത്തുക. നടപ്പ്, നീന്തല്‍, ജോഗിംഗ്, സൈക്കിളിംഗ്- അങ്ങനെയെന്തും ആശ്രയിക്കാം. 

അമിതവണ്ണവും ഹൃദയത്തിന് വലിയ വെല്ലുവിളിയാണ്. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് ആരോഗ്യമുള്ള ഹൃദയത്തിന് നല്ലത്. ഇത് ഭക്ഷണം ശ്രദ്ധിച്ചും വ്യായാമം ചെയ്തുമെല്ലാം നിയന്ത്രണവിധേയമാക്കാവുന്നതാണ്. മറ്റ് വല്ല അസുഖങ്ങളുടെയും ഭാഗമായോ മരുന്നുകള്‍ കഴിക്കുന്നതിന്റെ ഭാഗമായോ വരുന്ന അമിതവണ്ണത്തെ വരുതിയിലാക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പ്രത്യേക ഡയറ്റോ വര്‍ക്കൗട്ടോ ശീലമാക്കാം. 

മെഡിക്കല്‍ ചെക്കപ്പുകളോട് 'നോ' പറയാതിരിക്കാം...

things to care on world heart day

കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നത് നല്ലതാണ്. ഇതിന് മടി കാണിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുകയേ ഉള്ളൂ. പലപ്പോഴും ഹൃദ്രോഗങ്ങള്‍ വൈകി അറിയുന്നതാണ് സങ്കീര്‍ണ്ണതകളുണ്ടാക്കുന്നത്. ചിട്ടയോടെ പരിശോധനകള്‍ നടത്തുന്നതിലൂടെ രോഗങ്ങള്‍ നേരത്തേ അറിയുകയും ആവശ്യമായ ചികിത്സകള്‍ എടുക്കുകയുമാകാം.
 

Follow Us:
Download App:
  • android
  • ios