കോണ്‍ടാക്ട് ലെന്‍സുപയോഗിക്കുന്നവരില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകളേറെയാണ്. ഈ അണുബാധ തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. വളരെ ലാഘവത്തോടുകൂടിയാണ് പലപ്പോഴും ആളുകള്‍ ലെന്‍സ് ഉപയോഗിക്കുന്നതും. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കണ്ണ് നഷ്ടപ്പെടാന്‍ വരെ കാരണമാകുന്ന അപകടങ്ങള്‍ ഇവ വരുത്തിത്തീര്‍ത്തേക്കും. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ കരുതേണ്ട ചില കാര്യങ്ങളിതാ-

ഒന്ന്...

ഏറ്റവും വൃത്തിയോടെ വേണം കോണ്‍ടാക്ട് ലെന്‍സുകള്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും. ഒരു കാരണവശാലും ലെന്‍സില്‍ വെള്ളം പറ്റാതിരിക്കാന്‍ ശ്രമിക്കണം. ലെന്‍സിന് പ്രത്യേകമായി നല്‍കുന്ന സൊല്യൂഷന്‍ ഉപയോഗിച്ച് വേണം ഇത് കഴുകാനും സൂക്ഷിച്ചുവയ്ക്കുവാനും. ഇല്ലെങ്കില്‍ പെട്ടെന്ന് തന്നെ കണ്ണിന് അണുബാധയുണ്ടാകാന്‍ കാരണമാകും. 

രണ്ട്...

സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ പല കാര്യങ്ങളിലും അധികമായി കരുതലെടുക്കേണ്ടതുണ്ട്. കണ്ണില്‍ ചുവപ്പ് നിറം, വേദന, കണ്ണില്‍ നിന്ന് വെള്ളം വീഴുന്നത്, വെളിച്ചത്തോടുള്ള പ്രശ്‌നം, അവ്യക്തമായ കാഴ്ച, വീക്കം തുടങ്ങിയവയിലേതെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ലെന്‍സ് ഊരിമാറ്റണം. മാത്രമല്ല, ഡോക്ടറെ ഇക്കാര്യം ധരിപ്പിക്കുകയും വേണം. ഒരുപക്ഷേ, ലെന്‍സുപയോഗത്തിലെ പാകപ്പിഴ കാരണമാകാം ഇവ സംഭവിക്കുന്നത്. 

മൂന്ന്...

പുകവലിക്കുന്നവരും ഒന്ന് കരുതണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരിലും അണുബാധ വരാന്‍ സാധ്യതകളേറെയാണത്രേ. 

നാല്...

കോണ്‍ടാക്ട് ലെന്‍സ് വാങ്ങുമ്പോള്‍ ആശുപത്രികളില്‍ നിന്നോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നോ ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശപ്രകാരം മാത്രം വാങ്ങാന്‍ കരുതുക. ഭംഗിക്ക് വേണ്ടി കോസ്റ്റ്യൂം ഷോപ്പുകളില്‍ നിന്ന് വാങ്ങി ലെന്‍സുപയോഗിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുകയേ ഉള്ളൂ. 

അഞ്ച്...

പതിവായി മെഡിക്കല്‍ ചെക്കപ്പിന് പോകാനും ലെന്‍സുപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ കാഴ്ചയ്‌ക്കോ, കണ്ണിന്റെ ആരോഗ്യത്തിനോ ലെന്‍സ് കോട്ടം തട്ടിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാനായാണിത്. 

ആറ്...

ലെന്‍സ് കണ്ണിലുണ്ടായിരിക്കേ, വീഴുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ കണ്ണില്‍ നിന്ന് ലെന്‍സ് ഊരി വീണുപോയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ഇത് കണ്‍പോളകള്‍ക്കുള്ളില്‍ തടഞ്ഞുനില്‍ക്കാന്‍ കാരണമായേക്കും.