പ്രായമേറുന്നത് ഇഷ്‌ടപ്പെടുന്നവരല്ല നമുക്ക് ചുറ്റിലുമുള്ള ഏറെപ്പേരും. എല്ലാര്‍ക്കും ചെറുപ്പമായിരിക്കാനാണ് ഇഷ്‌ടം. അതുകൊണ്ടുതന്നെയാണ് സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട വിപണിക്കും, ചികില്‍സകള്‍ക്കുമൊക്കെ ഏറെ പ്രിയമുള്ളത്. സമ്പന്നര്‍ ലക്ഷക്കണക്കിന് രൂപ മുടക്കി പ്രായം കുറയ്‌ക്കുന്ന ശസ്‌ത്രക്രിയകള്‍ ചെയ്യുന്നു. ഇടത്തരക്കാര്‍ പരസ്യത്തിന് പിന്നാലെ പോയി, ചര്‍മ്മത്തിലെ ചുളിവ് ഇല്ലാതാക്കുന്ന ക്രീമുകള്‍ക്ക് വേണ്ടി പണം മുടക്കുന്നു. ഏതായാലും വാര്‍ദ്ധക്യം ഒരു സത്യമാണ്. മനുഷ്യന്‍ നാല്‍പ്പതുവയസില്‍ ഏറെ ജീവിച്ചിരുന്നാല്‍ അവന്‍ മദ്ധ്യവയസ്‌കനും പിന്നീട് വൃദ്ധനുമായി മാറും. ഇവിടെയിതാ, വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള ഒരു പഴത്തിന്റെ ശേഷിയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മാതള നാരങ്ങയ്‌ക്കാണ് വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള ശേഷിയുള്ളത്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഒരു ഘടകം, പ്രായമേറുന്നതിനെ ചെറുക്കുന്ന തരത്തില്‍ പേശീ കോശങ്ങളെ പര്യാപ്‌തമാക്കുമെന്നാണ് പുതിയ കണ്ടുപിടിത്തം. വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന പല അസുഖങ്ങള്‍ക്കും കാരണം പേശികളിലെ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന ദൗര്‍ബല്യമാണ്. ഇതിന് പ്രതിവിധിയാണ് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള സംയുക്തമെന്ന് സ്വിസ്റ്റര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രണ്ടു വയസ് പ്രായമുള്ള എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഈ അത്ഭുത ഘടകം, യൂറോളിതിന്‍ എ ആയി പരിണമിക്കുന്നതാണ് വാര്‍ദ്ധക്യത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്നത്. പഠന റിപ്പോര്‍ട്ട് ജേര്‍ണല്‍ നേച്വര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.