ചർമ്മസംരക്ഷണത്തെക്കുറിച്ച് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ഇന്ന് വിവരങ്ങളുടെ ഒരു പെരുമഴ തന്നെയാണ്. എന്നാൽ ഈ കിട്ടുന്ന വിവരങ്ങളെല്ലാം തന്നെ ശരിയാണോ? പലപ്പോഴും പരമ്പരാഗതമായ അറിവുകളും കേട്ടുകേൾവികളും വിശ്വസിക്കുന്നു. 

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് ഉപദേശങ്ങൾ നൽകാൻ നൂറുപേരാണ്. ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബിലും കാണുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ച് വിശ്വസിച്ച് സ്വന്തം ചർമ്മത്തിൽ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിൽ എത്രത്തോളം വാസ്തവമുണ്ട്? ചർമ്മസംരക്ഷണത്തെക്കുറിച്ച് പണ്ടുമുതലേ നമ്മൾ കേട്ടുവരുന്ന ചില കാര്യങ്ങളിലെ സത്യവും മിഥ്യയും പരിശോധിക്കാം.

1. മിത്ത് ; എണ്ണമയമുള്ള ചർമ്മത്തിന് മോയ്സ്ചറൈസർ ആവശ്യമില്ല

ഫാക്റ്റ്: ചർമ്മത്തിൽ എണ്ണമയം കൂടുതലുണ്ട് എന്ന് കരുതി അതിൽ ഈർപ്പം ഉണ്ടെന്ന് അർത്ഥമില്ല. നിങ്ങൾ മോയ്സ്ചറൈസർ ഉപയോഗിക്കാതിരുന്നാൽ, ചർമ്മം കൂടുതൽ വരണ്ടതാവുകയും അത് പരിഹരിക്കാൻ ശരീരം കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. ഇത് മുഖക്കുരു കൂടാൻ കാരണമാകും. അതിനാൽ എണ്ണമയമുള്ള ചർമ്മക്കാർക്ക് അനുയോജ്യമായ 'ലൈറ്റ് വെയിറ്റ്'

അല്ലെങ്കിൽ 'ജെൽ ബേസ്ഡ്' മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കുക.

2. മിത്ത് : വെയിലില്ലാത്തപ്പോൾ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതില്ല

ഫാക്റ്റ്: മഴയുള്ള ദിവസമായാലും ആകാശം മേഘാവൃതമായാലും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ എത്തുന്നുണ്ട്. ഇവ ചർമ്മത്തിൽ ചുളിവുകൾ വീഴ്ത്താനും അകാല വാർദ്ധക്യത്തിനും കാരണമാകും. അതിനാൽ വീടിനുള്ളിൽ ഇരിക്കുമ്പോൾ പോലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.

3. മിത്ത്: കടുപ്പമേറിയ സ്ക്രബുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്

ഫാക്റ്റ്: മുഖം നന്നായി ഉരച്ച് കഴുകിയാൽ അഴുക്ക് മുഴുവൻ പോകുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ചർമ്മത്തെ വല്ലാതെ സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിലെ സ്വാഭാവികമായ കോശങ്ങളെ നശിപ്പിക്കുകയും ചെറിയ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. മൃദുവായ സ്ക്രബുകളോ കെമിക്കൽ എക്സ്ഫോളിയൻ്റുകളോ ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം.

4. മിത്ത്: പ്രകൃതിദത്തമായ സാധനങ്ങൾ എല്ലാം സുരക്ഷിതമാണ്

ഫാക്റ്റ്: 'നാച്ചുറൽ' എന്ന് കേൾക്കുമ്പോൾ തന്നെ അത് ഗുണകരമാണെന്ന് നമ്മൾ കരുതും. എന്നാൽ നാരങ്ങാനീര്, ബേക്കിംഗ് സോഡ, ടൂത്ത് പേസ്റ്റ് എന്നിവ നേരിട്ട് മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ ഗുരുതരമായി പൊള്ളിക്കാനും പിഎച്ച് (pH) നില തെറ്റിക്കാനും കാരണമാകും. പ്രകൃതിദത്തമാണെങ്കിലും നിങ്ങളുടെ ചർമ്മത്തിന് അത് ചേരുന്നുണ്ടോ എന്ന് 'പാച്ച് ടെസ്റ്റ്' വഴി ഉറപ്പുവരുത്തണം.

5. മിത്ത്: മുഖക്കുരു പൊട്ടിച്ചാൽ വേഗം മാറും

ഫാക്റ്റ്: ഇത് ഏറ്റവും അപകടകരമായ ഒരു പ്രവണതയാണ്. മുഖക്കുരു പൊട്ടിക്കുന്നത് ബാക്ടീരിയകൾ ചർമ്മത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും ആഴത്തിലുള്ള പാടുകൾ (Scars) മുഖത്ത് വരാനും കാരണമാകും. മുഖക്കുരു വന്നാൽ അത് തനിയെ മാറാൻ അനുവദിക്കുകയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യുക.

6. മിത്ത്: ചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് സുഷിരങ്ങൾ തുറക്കാൻ സഹായിക്കും

ഫാക്റ്റ്: ചർമ്മത്തിലെ സുഷിരങ്ങൾ വാതിലുകൾ പോലെ തുറക്കാനോ അടയ്ക്കാനോ സാധിക്കുന്ന ഒന്നല്ല. അമിതമായ ചൂടുവെള്ളം ഉപയോഗിക്കുന്നത് ചർമ്മത്തിലെ ആവശ്യമായ എണ്ണമയം നീക്കം ചെയ്യുകയും ചർമ്മം വല്ലാതെ വരണ്ടുപോകാൻ ഇടയാക്കുകയും ചെയ്യും. സാധാരണ താപനിലയിലുള്ള വെള്ളമോ അല്ലെങ്കിൽ നേരിയ തണുത്ത വെള്ളമോ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ചർമ്മസംരക്ഷണം എന്നത് മറ്റൊരാൾ ചെയ്യുന്നത് കണ്ട് അനുകരിക്കേണ്ട ഒന്നല്ല. ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമാണ്. ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. സംശയമുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ സഹായം തേടാൻ മടിക്കരുത്.