ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് നടുവേദന. ജീവിതശൈലീ പ്രശ്നങ്ങള്‍ കൊണ്ടാണ് ഇന്ന് കൂടുതൽ പേർക്കും നടുവേദന ഉണ്ടാകുന്നത്. വേദനസംഹാരികൾ വാങ്ങിക്കഴിച്ച് സ്വയംചികിത്സ ചെയ്യാതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ചില ശീലങ്ങൾ മാറ്റിയാൽ തന്നെ നടുവേദന ഒഴിവാക്കാനാകും. 

അധിക നേരം ഇരുന്ന് ജോലി ചെയ്യരുത്...

കമ്പ്യൂട്ടറിന്റെ മുന്നിൽ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന പ്രധാനമായി വരാറുള്ളത്. അധികനേരം ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിപോലെ  ശരീരത്തിനു കൂടുതൽ ദോഷം ചെയ്യുന്ന ഒന്നാണ്. ഒറ്റയിരുപ്പിരുന്നാല്‍ ശരീരത്തിലെ  കൊഴുപ്പ്  ഇല്ലാതാക്കാന്‍ കഴിയുന്ന എന്‍സൈമുകളില്‍ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്ട്രോള്‍  ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരുന്നാൽ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ബാധിക്കുകയും  ഡയബറ്റിസ് സാധ്യത കൂടുകയും ചെയ്യുന്നു. 

ഭാരമുള്ള സാധനങ്ങള്‍ എടുക്കുമ്പോൾ സൂക്ഷിക്കണേ...

ഭാരമുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുമ്പോഴും ചുമക്കുമ്പോഴും നട്ടെല്ലിനു ആയാസം നല്‍കിക്കൊണ്ടാണ്  ചെയ്യുന്നത്. എന്നാല്‍ നട്ടെല്ലിന് ഊന്നല്‍ നല്‍കാതെ ഭാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഭാരം എടുക്കുമ്പോഴോ അതിനു ശേഷമോ ചെറിയ നടുവേദന എങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമായി അവഗണിക്കരുത്. 

ലാപ് ടോപ്പും മൊബെെൽ ഫോണും ഉപയോ​ഗിക്കുമ്പോൾ...

മിക്കവരും ലാപ്‌ ടോപ്‌ ഉപയോ​ഗിക്കുമ്പോൾ മടിയില്‍ വച്ച് തല കുമ്പിട്ടു കഴുത്തും നട്ടെല്ലും വളച്ചു വച്ചാണ് ഉപയോഗിക്കാറുള്ളത്. ഫോണ്‍ നെഞ്ചുയരത്തില്‍ വച്ച് കഴുത്തു വളച്ചു ഫോണിലേക്ക് നോക്കുന്നതാണ് പലരുടെയും ശീലം. ഇതെല്ലാം നടുവിന് കൂടുതൽ പ്രശ്നം ഉണ്ടാക്കും. അധികനേരം ഈ ഇരുപ്പു തുടരുന്നത് രക്തചക്രമണത്തെ ബാധിക്കും. നട്ടെല്ലിനോടു ചേര്‍ന്നു നില്‍ക്കുന്ന മസ്സിലുകളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നതില്‍ കുറവു സംഭവിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കോളറോ ബാന്‍ഡോ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണേ...

കഴുത്തിനും നടുവിനും വേദന വന്നാൽ ഇന്ന് മിക്കവരും ചെയ്യുന്നത് മെഡിക്കല്‍ സ്റ്റോറില്‍ പോയി കോളറോ ബാന്‍ഡോ വാങ്ങി ഉപയോ​ഗിക്കും. പക്ഷേ അത് കൂടുതൽ ദോഷം ചെയ്യും. ദീര്‍ഘകാലം ഇവ ഉപയോഗിക്കുന്നത് മാംസപേശികളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടർ നിർദേശിച്ചാൽ മാത്രമേ കോളറോ ബാന്‍ഡോ ഉപയോ​ഗിക്കാൻ പാടുള്ളൂ. 

  ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്...

1. നടുഭാഗത്തോ പുറത്തോ വേദന

 2. കുനിയാനും നിവരാനും ബുദ്ധിമുട്ട് 

 3. നടുവിൽ പെട്ടെന്നുണ്ടാകുന്ന വേദന 

 4. നിൽക്കാനും നടക്കാനും പ്രയാസം

 5. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും വേദന കൂടുക 

 6. കാലിന് ബലക്ഷയം