നിങ്ങളുടെ കുട്ടി കണ്ണീരിലും വേദനയിലും കുതിർന്നാണോ വീട്ടിൽ വരുന്നത്? മൗനിയായി അവർ ഒതുങ്ങിക്കൂടുകയോ പുറമെ നിന്നുള്ള ആരെയെങ്കിലും ഭയപ്പെടുകയോ ചെയ്യുന്നുണ്ടോ? എന്നാൽ കരുതിയിരിക്കുക, നിങ്ങളുടെ കുട്ടി ഒരുപക്ഷേ ലൈംഗികാതിക്രമത്തിന്റെ ഇരയായിരിക്കാം. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് നാല് വയസുകാരിയായ പെൺകുട്ടിക്ക് സ്കൂളിൽ നിന്ന് കൂടെ പഠിക്കുന്ന കുട്ടിയിൽ നിന്നുണ്ടായ അനുഭവം ആരും മറന്നുകാണില്ലല്ലോ. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം ഇന്ന് അസാധാരണമല്ലാതായിരിക്കുന്നു.
ചിലർക്ക് അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാൻ പറ്റാതെവരികയും കുട്ടികളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നു. ലൈംഗിക അതിക്രമം നടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികൾ അറിയുന്നില്ല. ആരാണ് അവരെ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടത്? കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമം അവരുടെ ബാല്യം കവർന്നെടുക്കുന്ന അട്ടയാണ്. അവരെ ലോകത്തിന്‍റെ ഇരുട്ടറയിലേക്ക് തള്ളിവിടുന്ന കൃത്യം കൂടിയാണത്.

ഇവ പൂർണമായും ഇല്ലാതാക്കാനായില്ലെങ്കിലും ഒന്ന് ശ്രദ്ധവെച്ചാൽ കുറച്ചുകൊണ്ടുവരാൻ കഴിയും. കുട്ടികളെ ശാക്തീകരിക്കാനും അപകടത്തിൽപെടുമ്പോള്‍ എന്ത് ചെയ്യണമെന്നതും സംബന്ധിച്ച് ചില കാര്യങ്ങൾ മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. കുഞ്ഞുങ്ങളെ ഇത്തരം സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ചില നിർദേശങ്ങൾ:
1. കുട്ടികളോട് ആശയവിനിമയം നടത്തുക
കുട്ടികളോട് സംസാരിക്കാൻ രക്ഷിതാക്കൾ തയാറാവുക. അവരുടെ ഒാരോ ദിവസത്തെക്കുറിച്ചും സംസാരിക്കുക. അവർക്കൊപ്പം ഇരുന്ന് സംസാരിച്ചാൽ എന്തെങ്കിലും തെറ്റായി സംഭവിക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ സഹായിക്കും. അതെ കുറിച്ച് കുട്ടികളെ പറഞ്ഞുമനസിലാക്കാനും സാധിക്കും.

2. അവരുടെ ശരീരത്തെക്കുറിച്ച് പഠിപ്പിക്കുക
അവരുടെ ശരീരഭാഗങ്ങളെക്കുറിച്ചും അവയിൽ സ്വകാര്യത സൂക്ഷിക്കേണ്ടത് ഏതെന്നത് സംബന്ധിച്ചും അവരെ പറഞ്ഞു മനസിലാക്കുക. ശരീരഭാഗങ്ങളിൽ ആരെയും സ്പർശിക്കാൻ അനുവദിക്കരുതെന്നും ബോധ്യപ്പെടുത്തുക.
3. എല്ലാം പറയാൻ പ്രോൽസാഹിപ്പിക്കുക
എന്ത് സംഭവിക്കുന്നുവെന്ന് നിങ്ങളോട് വന്ന് പറയാൻ മക്കളെ പ്രേരിപ്പിക്കുക. കുട്ടികളുമായി ശക്തമായ ആശയവിനിമയ ബന്ധം നിലനിർത്തുക. ഇത്തരം കാര്യങ്ങൾ പറയുമ്പോള്‍ അവരെ കാര്യങ്ങൾ പറഞ്ഞുപഠിപ്പിക്കുക. നിങ്ങളിൽ നിന്ന് കാര്യങ്ങൾ മറച്ചുവെക്കാതെ സംസാരിക്കാൻ പഠിപ്പിക്കുക. അത്തരം സന്ദർഭങ്ങളിൽ അവർക്കൊപ്പം നിൽക്കുമെന്നും സംരക്ഷിക്കുമെന്നും ഉറപ്പുനൽകുക.

4. നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം
ഏത് തരത്തിലുള്ള പെരുമാറ്റമാണ് തെറ്റ് എന്ന് അവരെ പഠിപ്പിക്കുകയും അത്തരം സന്ദർഭങ്ങളിൽ അത് മുതിർന്നവരോട് പറയാനും പ്രേരിപ്പിക്കുക. ലൈംഗികാവയവങ്ങൾക്ക് പുറമെ ചുണ്ട്, കാൽ, കഴുത്ത്, കൈകൾ എന്നിവയിലും ലൈംഗികതാൽപര്യത്തോടെ സ്പർശിക്കാം. ഏത് രുപത്തിലുള്ള സ്പർശനം ആകാമെന്നും ആകാൻപാടില്ലാത്തത് ഏതെന്നും അവരെ ബോധ്യപ്പെടുത്തുക. അതൃപ്തിയുള്ള പെരുമാറ്റങ്ങൾ ഏതെന്ന് അവരെ മനസിലാക്കുകയും അത് നിങ്ങളോട് പങ്കുവെക്കാനും പറയുക.
5. സ്നേഹപ്രകടനത്തിന്റെ വഴികൾ
കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ ചെയ്യുന്ന ചെറിയ പ്രവർത്തനങ്ങൾ പോലും ലൈംഗിക അതിക്രമം നടത്തുന്നവർ ഉപയോഗിച്ചേക്കാം. നിങ്ങൾ കുട്ടികളോട് ചിലപ്പോൾ ആശ്ലേഷിക്കാനോ ചുംബിക്കാനോ ആവശ്യപ്പെട്ടേക്കാം. ഇതേ രീതി തന്നെ ലൈംഗിക അതിക്രമം നടത്തുന്നവരും പ്രയോഗിച്ചേക്കാം. എങ്ങനെ സ്നേഹ പ്രകടനം നടത്താം എന്ന് കുട്ടികളെ നിർബന്ധമായും പഠിപ്പിക്കുക.

6. രഹസ്യാത്മകത
കുട്ടികളിലെ രഹസ്യാത്മകത അപകടകരമാണ്. പലപ്പോഴും സംഭവിച്ചതിനെക്കുറിച്ചും ആര് ചെയ്തുവെന്നതിനെക്കുറിച്ചും കുട്ടികൾ തുറന്നുപറയാൻ മടിക്കുന്നു. കാര്യങ്ങൾ രഹസ്യമാക്കി വെക്കുന്നതിലെ അപകടം അവരെ പറഞ്ഞുമനസിലാക്കുക.
7. വിശ്വാസ്യത ആരിലെല്ലാം?
ആരെയെല്ലാം വിശ്വസിക്കാമെന്നും അടുപ്പിക്കാമെന്നും കുട്ടികളോട് പറയുക. ഇത്തരം ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കൾ അതീവ ശ്രദ്ധപുലർത്തുകയും വേണം. കുട്ടിയുടെ അധ്യാപകൻ, കൂട്ടുകാർ, ഇടപഴകുന്ന മറ്റുള്ളവർ എന്നിവരെക്കുറിച്ചെല്ലാം രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. നമ്മുടെ കുട്ടികൾക്ക് ചുറ്റും അരക്ഷിതത്വം ഉണ്ടെന്ന് രക്ഷിതാക്കൾ തിരിച്ചറിയുക.

