ഒരു തവണ ഫ്‌ളഷ് ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ എട്ട് ലിറ്റര്‍ വെള്ളമാണ് ഒരു ടോയ്‌ലറ്റില്‍ ചെലവാകുന്നത്. എന്നാല്‍ ഇതില്‍ 800 മില്ലി ലിറ്റര്‍ വെള്ളം മാത്രമേ ഒരു തവണ ഫ്‌ളഷ് ചെയ്യുമ്പോള്‍ ചെലവാകൂ. കൂടാതെ, സ്വന്തമായി സോളാര്‍ പാനലും വെള്ളം സൂക്ഷിച്ച് ചെലവഴിക്കാന്‍ വാക്വം ടെക്‌നോളജിയും...

മുംബൈ: ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളിലെ ടോയ്‌ലറ്റുകളാണെന്നല്ലേ തോന്നൂ. എന്നാൽ തെറ്റി, രാജകീയമായി വുഡെന്‍ സ്‌റ്റൈലില്‍ ചുവരും, വില കൂടിയ പൈപ്പുകളും ഉപകരണങ്ങളും, ഉടനീളം കണ്ണാടികളും, ലൈറ്റുമൊക്കെയായി പ്രൗഢഗംഭീരമായ ഈ ടോയ്‌ലറ്റുള്ളത് പക്ഷേ, സൗത്ത് മുംബൈയിലെ മറൈന്‍ഡ്രൈവിലാണ്. 

ഇക്കോ ഫ്രണ്ട്‌ലിയാണെന്ന പ്രത്യേകതയുമുണ്ട് ഇതിന്. ഒരു തവണ ഫ്‌ളഷ് ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ എട്ട് ലിറ്റര്‍ വെള്ളമാണ് ഒരു ടോയ്‌ലറ്റില്‍ ചെലവാകുന്നത്. എന്നാല്‍ ഇതില്‍ 800 മില്ലി ലിറ്റര്‍ വെള്ളം മാത്രമേ ഒരു തവണ ഫ്‌ളഷ് ചെയ്യുമ്പോള്‍ ചെലവാകൂ. കൂടാതെ, സ്വന്തമായി സോളാര്‍ പാനലും വെള്ളം സൂക്ഷിച്ച് ചെലവഴിക്കാന്‍ വാക്വം ടെക്‌നോളജിയും... 

ഇത്രയുമാകുമ്പോള്‍ സ്വാഭാവികമായും ഇത് പണിയാന്‍ ചെലവഴിച്ച തുകയെ പറ്റി ഒരു സംശയമുയരും. 90 ലക്ഷം രൂപയാണേ്രത ഈ ടോയ്‌ലറ്റിനായി ആകെ ചെലവഴിച്ചത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അകത്ത് കയറി ഇത് ഉപയോഗിക്കാന്‍ പത്തുപൈസ പോലും മുടക്കേണ്ടതില്ല. 

പൊതുജനങ്ങളെയും യാത്രികരെയും കണക്കിലെടുത്ത് മാത്രമാണ് ഇവിടെ ഇങ്ങനെയൊരു ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നത്. ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പ്, സാംടെക് ഫൗണ്ടേഷന്‍, സാംടെക് കമ്പനി, നരിമാന്‍ ചര്‍ച്ച്‌ഗേറ്റ് സിറ്റിസെന്‍സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ഫണ്ടൊരുക്കിയത്. പണി പൂര്‍ത്തിയാക്കിയ ടോയ്‌ലറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നുകഴിഞ്ഞു. ഇപ്പോള്‍ ടോയ്‌ലറ്റ് കാണാന്‍ തന്നെ നിരവധി പേരാണ് ഇവിടെയെത്തുന്നത്.