അസഹ്യമായ വേദനകളിലൊന്നാണ് പല്ലുവേദന. പല്ലിലോ താടിയെല്ലിന് ചുറ്റുമോ ആയിട്ടാണ് ഇത് അനുഭവപ്പെടുക. ദന്തക്ഷയം, അണുബാധ, പല്ല് കൊഴിയുന്നതോ പൊട്ടുന്നതോ മോണയിലെ പ്രശ്നങ്ങളോ പല്ല് വേദനക്ക് കാരണമാകാം. രണ്ട് ദിവസം വരെ ഇൗ വേദന നീണ്ടുനിൽക്കാം. ഉടൻ ഒരു ദന്തരോഗ വിദഗ്ദന്റെ ചികിത്സ തേടുന്നതാണ് ഉത്തമം. അതുവരേക്കും അസഹ്യമായ വേദന ശമിപ്പിക്കാൻ വഴികളുണ്ട്. വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പല്ലുവേദനയെ താൽക്കാലികമായി തളക്കാനാകും.
1. വേദനയെ തണുപ്പിച്ച് തളക്കാം
വേദന അനുഭവപ്പെടുന്ന ഭാഗം തണുപ്പിച്ച് താൽക്കാലിക ആശ്വാസം കണ്ടെത്താം. ഇതിനായി ഐസ് പാക്കറ്റ് ഉൾപ്പെടെ ഉപയോഗിക്കാം. വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് തണുത്ത വസ്തു അൽപ്പനേരം പിടിക്കുക. ഇത് വേദനയുള്ള ഭാഗത്തേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറക്കാനും വേദന കുറക്കാനും സഹായിക്കും.

2. ഉപ്പുവെള്ളത്തിൽ വായ കഴുകൽ
വായിൽ ഉപ്പുവെള്ളം നിറച്ചുനിർത്തി കഴുകി കളയുന്നത് വേദന ശമിപ്പിക്കാൻ സഹായിക്കും. പല്ലുവേദന വഴിയുണ്ടാകാവുന്ന വീക്കം കുറക്കാനും വേദന കുറക്കാനും സഹായകമാണിത്. തൊണ്ടയിലെ വ്രണം ഇല്ലാതാക്കാനും ഇത് സഹായകം. ഒരു ടീസ്പൂൺ ഉപ്പിട്ട വെള്ളം 30 സെക്കന്റെങ്കിൽ വായിൽ സൂക്ഷിച്ച ശേഷമായിരിക്കണം തുപ്പി കളയേണ്ടത്. ഇത് പലതവണ ആവർത്തിക്കുക.

3. വേദന സംഹാരികൾ
Acetaminophen, ibuprofen എന്നീ വേദന സംഹാരി ഗുളികകൾ ഇത്തരം ഘട്ടങ്ങളിൽ അടിയന്തിര ആശ്വാസത്തിനായി ഉപയോഗിക്കാം.16 വയസിന് താഴെയുള്ള കുട്ടികൾക്ക് ആസ്പിരിൻ എന്ന വേദന സംഹാരി ഒരു കാരണവശാലും നൽകരുത്.

4. വെളുത്തുള്ളി
ഒൗഷധ ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നവയാണ് വെളുത്തുള്ളി. ഇതിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന ഘടകത്തിന് ഉയർന്ന അളവിൽ ബാക്ടീരിയ പ്രതിപ്രവർത്തന ശേഷിയുണ്ട്. ഒരു അല്ലി വെളുത്തുള്ളി ചതച്ച് അൽപ്പം ഉപ്പും ചേർത്ത് വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് ഉപയോഗിക്കാം.

5. പുതിന ഇലയിട്ട ചായ
പുതിന ഇലയിട്ട ചായക്ക് പല്ലുവേദനയെ താൽക്കാലികമായി ശമിപ്പിക്കാൻ കഴിയും. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വേദനയുള്ള ഭാഗത്തെ മരവിപ്പിച്ചുനിർത്താൻ സഹായിക്കും. പുതിന ഇലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ എന്ന ഘടകം അതിന് മണം നൽകുന്നതിനൊപ്പം ബാക്ടീരിയക്കെതിരെ പ്രവർത്തിക്കാൻ കഴിവുള്ളതാണ്. ഒരു ടീ സ്പൂൺ ഉണങ്ങിയ പുതിന ഇല തിളപ്പിച്ച ഒരു കപ്പ് ചായയിൽ 20 മിനിറ്റ് ചേർത്തുവെക്കുക. തണുത്ത ശേഷം വായിൽ എല്ലായിടത്തും എത്തുന്ന രീതിയിൽ ഉപയോഗിച്ച ശേഷം ഇറക്കുകയോ തുപ്പികളയുകയോ ചെയ്യാം.

6. കറ്റാർ വാഴ
കറ്റാർവാഴയുടെ ഇലയിൽ നിന്ന് ലഭിക്കുന്ന പശസമാനമായ ദ്രാവകം വേദന കുറക്കാൻ ഉപയോഗിക്കാറുണ്ട്. പല്ല് ശുചീകരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. കറ്റാർവാഴക്ക് ബാക്ടീരിയ പ്രതിരോധത്തിനുള്ള സ്വഭാവിക ശേഷിയുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്.

7. ഗ്രാമ്പൂ
ഗ്രാമ്പൂവിൽ മികച്ച ബാക്ടരീയ പ്രതിപ്രവർത്തന ശേഷിയുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ എഗനോൾ എന്ന പദാർഥം സ്വാഭാവിക അനസ്ത്യേഷ്യക്ക് സഹായകരമാണ്. ഗ്രാമ്പൂ ഒായിൽ പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് വെച്ചുകൊടുക്കുക. ഇതിന് പുറമെ ഉണങ്ങിയ ഗ്രാമ്പൂ വായിലിട്ട് ചവക്കുകയും അതിന്റെ നീര് വേദനയുള്ള ഭാഗത്ത് കുറച്ചുനേരം നിലനിർത്തിയും പല്ലുവേദനക്ക് ശമനം കണ്ടെത്താം.

