മുഖത്ത് ഒരു കാറ്റ് തട്ടിയാല്‍ പോലും സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുളളതോ ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായോ ഒരു വേദനയാണ് ഇത്. 

അടുത്തിടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തനിക്ക് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗം ബാധിച്ചിരുന്നുവെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ടൈംസ് നൗ അടക്കമുളള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്താണ് ഈ രോഗം? മനുഷ്യനുണ്ടാകുന്ന ഏറ്റവും കഠിനമേറിയ വേദനയാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. അനുഭവിക്കുന്നവരെ ആത്മഹത്യക്ക് വരെ പ്രേരിപ്പിക്കും വിധം കഠിനമായ വേദനയാണ് ഇത്. ലോസ് ആഞ്ചലസില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സല്‍മാന്‍ ഖാന്‍ ഈ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 

ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍, പല്ലുതേയ്ക്കുമ്പോള്‍, ആഹാര സാധനങ്ങള്‍ ചവയ്ക്കുമ്പോള്‍, സംസാരിക്കുമ്പോള്‍‌, എന്തിന് മുഖത്ത് ഒരു കാറ്റ് തട്ടിയാല്‍ പോലും അനുഭവപ്പെടുന്ന, സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുളളതോ ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതോ ആയ വേദനയാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗത്തിന്‍റെ പ്രത്യേകത. കവിള്‍, താടി, പല്ല്, മോണകള്‍, ചുണ്ടുകള്‍, കണ്ണ്, നെറ്റി അങ്ങനെ പല ഭാഗങ്ങളിലും ആ വേദന ഉണ്ടായെന്ന് വരാം.

ശരീരത്തിലെ 12 മസ്തിഷ്ക നാഡികളില്‍ അഞ്ചാമനായ ട്രൈജെമിനല്‍ പലവിധ കാരണങ്ങളാല്‍ ഞെരിയുന്നതാണ് ഈ രോഗത്തിന്‍റെ കാരണം. മുഖത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മിക്കതും നിയന്ത്രിക്കപ്പെടുന്നത് ഈ നാഡിയിലൂടെയാണ്.