ഇപ്പോള്‍ എന്തിനും ഏതിനും സ്‌മാര്‍ട്ട് ഫോണുകള്‍ വേണം. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, ടിവി കാണാനും അങ്ങനെ എന്തിനും സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കാലമാണിത്. മുന്‍കാലങ്ങളില്‍ ടിവിയും, വീഡിയോ ഗെയിമും ലാപ്‌ടോപ്പുമൊക്കെയാണ് അഡിക്ഷന്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇന്ന് അതൊക്കെ പോയി. പകരം മൊബൈല്‍ ഫോണാണ് ഇന്നത്തെ താരം. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ കാണുന്ന ചെറുപ്പക്കാരുടെ എണ്ണം ഇക്കാലത്ത് കൂടിവരുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മൊബൈലിലൂടെ അശ്ലീലം കാണുന്നത്, ഒരു അഡിക്ഷനായി മാറുകയും, പിന്നീട്, വിഷാദം, മാനസികസമ്മര്‍ദ്ദം, ഉത്‌കണ്‌ഠ തുടങ്ങിയ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും, പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വ്വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും, മൊബൈലില്‍ ഒരു തവണയെങ്കിലും അശ്ലീല വീഡിയോ കണ്ടവരാണ്. ഇവരില്‍ പകുതിയിലേറെ പേര്‍ക്ക് പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ കംപ്യൂട്ടേഴ്‌സ് ഇന്‍ ഹ്യൂമണ്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.