വിവാഹവും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മറ്റ് ചടങ്ങുകളുമെല്ലാം ഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടല്ലോ... ഓരോ നാട്ടിലും അവരവരുടെ സംസ്‌കാരത്തിനും സാമ്പത്തികാവസ്ഥയ്ക്കും അനുസരിച്ചുള്ള ഭക്ഷമാണ് വിളമ്പുക. എങ്കിലും ആരും ഇക്കാര്യത്തില്‍ ഒരു കുറവ് വരുത്താറില്ലെന്നതാണ് സത്യം. 

ഭക്ഷണത്തോട് ഭ്രമമുള്ളവരുടെ വിവാഹമാണെങ്കില്‍ പിന്നെ പറയാനുമില്ല. അതാണ് ടിവി താരം കപില്‍ ശര്‍മ്മയുടെയും ഗിന്നി ചത്രത്തിന്റെയും വിവാഹക്കാര്യത്തിലും സംഭവിക്കുന്നത്. ക്ഷണക്കത്ത് നല്‍കുന്നത് മുതല്‍ തന്നെ ഭക്ഷണക്കാര്യത്തില്‍ ആര്‍ഭാഡമാകുകയാണ് ഇരുവരുടെയും വിവാഹം. 

ഒരു പെട്ടി മധുരവുമായാണ് കപില്‍-ഗിന്നി ക്ഷണക്കത്ത് പ്രിയപ്പെട്ടവരെ തേടിയെത്തിയത്. ക്ഷണക്കത്തിനൊപ്പം മധുരം നിറച്ച പെട്ടി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ ചടങ്ങുകളുടെ ഭാഗമാണ്. ബോളിവുഡ് താരങ്ങളുടെ വിവാഹങ്ങളിലെല്ലാം ഇത് അല്‍പം കൂടി ആര്‍ബാഢമാകാറുണ്ട്. എങ്കിലും വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങള്‍ നിറച്ച വലിയ പെട്ടിയാണ് കപില്‍-ഗിന്നി വിവാഹക്ഷണക്കത്തിനെ വ്യത്യസ്തമാക്കുന്നത്. വെറും മധുരം മാത്രമല്ല, ഉണക്കിയ 'ഫ്രൂട്ട്‌സ്', 'നട്ട്‌സ്'- ഇവയെല്ലാം നിറച്ച മധുരമാണ് പെട്ടിയിലുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണിപ്പോള്‍.

 

 

ഇരുവരും ഏറെ ഭക്ഷണപ്രിയരാണ് എന്നത് തന്നെയാണ് ഇതിന് കാരണം. ഈ 12നാണ് ഇവരുടെ വിവാഹം. ക്ഷണക്കത്ത് തന്നെ കസറിയ നിലയ്ക്ക് വിവാഹസല്‍ക്കാരങ്ങളില്‍ എന്തെല്ലാം വിളമ്പുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.