ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടിയാൽ നിരവധി അസുഖങ്ങൾ പിടിപെടാം.‌ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം ഒഴിവാക്കുകയാണ് പ്രധാനമായി വേണ്ടത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വണ്ണം ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വണ്ണം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. ഭക്ഷണം നിയന്ത്രിച്ചിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് തടി വയ്ക്കാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഉപാപചയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചു കളയാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

തൈര്...

തെെര് ദിവസവും കഴിക്കേണ്ടത് അത്യവശ്യമാണ്.തെെര് കഴിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറു ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തെെര് അമിതവിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. തെെര് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

തെെര് കഴിക്കുന്നതിലൂടെ 61 ശതമാനം കൊഴുപ്പ് കുറയ്ക്കാനാകുമെന്ന് ​ഗവേഷകർ പറയുന്നു. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ബിഎംഐ ലെവൽ ആരോ​​ഗ്യത്തോടെ നിലനിർത്താൻ തെെര് സഹായിക്കുമെന്ന് അമേരിക്കൻ ഡയറ്റിക്ക് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. തെെരിൽ ഒരു സ്പൂൺ തേനോ നാരങ്ങ നീരോ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

ബദാം...

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം. വൈറ്റമിൻ ഇയുടെ കലവറയാണ് ബദാം. ഇതിൽ ധാരാളം കാത്സ്യവും അയണും മോണോ സാറ്റ്യുറേറ്റഡ് ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാൻ ഭക്ഷണത്തിന് മുന്‍പ് കുറച്ചു ബദാം കഴിക്കുന്നത് ​ഗുണം ചെയ്യും.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബദാം. രാവിലെ വെറും വയറ്റിൽ‌ ബദാം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണെന്നാണ് ​മിക്ക പഠനങ്ങളും പറയുന്നത്. 

മുളപ്പിച്ച ധാന്യങ്ങൾ...

മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളം മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ഗോതമ്പും റാഗിയും ചോളവും റാഗിയും പയറുവർഗങ്ങളുമെല്ലാം മുളപ്പിക്കുമ്പോൾ അവയുടെ പോഷകഗുണം ഇരട്ടിയാകും.

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഇത്. ഓട്സ് ദിവസവും രണ്ട് നേരം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. അത് പോലെ തന്നെയാണ് ബാർലിയും. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും നല്ലൊരു ഹെൽത്തി ഭക്ഷണമാണ് ബാർലി.