ഒരു പ്രയോഗമായി മാറിയെങ്കിലും അരിയാഹാരം കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കുവരാണ് ഭൂരിഭാഗം മലയാളികളും. അരി രണ്ടുതരമുണ്ട്. തവിടുള്ള ചുവന്ന അരിയും വെള്ള അരിയും. മുഖ്യമായും ആന്ധ്രാ പോലെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്ക് വരുന്നത് കൂടുതലും വെള്ള അരിയാണ്. ഇതിൽ ഏത് കഴിക്കുന്നതാണ് നല്ലത്? ഈ ചോദ്യം സംബന്ധിച്ച് സംശയം പലർക്കുമുണ്ട്. എന്നാൽ പ്രമുഖ ഡയറ്റീഷ്യന്‍മാർ പറയുന്നത് വെള്ള അരിയേക്കാൾ തവിട് ഉള്ള വെള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ്. തവിടുള്ള അരിയിൽ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തവിട് അടങ്ങിയതിനാൽ വലിയ അളവിൽ നാരും ഇതിൽ അടങ്ങിയിട്ടുണ്ട്. നാം അരിയാഹാരം കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു.
അതേസമയം അരി പോളിഷ് ചെയ്യുമ്പോൾ നാരുകൾ വലിയ അളവിൽ നഷ്‌ടമാകും. അതുകൊണ്ടുതന്നെ അരിയാഹാരം മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് നല്ലത്. അതിനൊപ്പം പച്ചക്കറികളും പയറും കൂടുതൽ കഴിക്കുക. മാംസാഹാരം കഴിക്കുന്നവരാണെങ്കിൽ ചോറിനൊപ്പം ഇറച്ചി, അല്ലെങ്കിൽ മീൻ എന്നിവ കൂടി കഴിക്കുക. രണ്ടുനേരം ചോറ് കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. പകരം രാത്രിയിൽ ഗോതമ്പോ, കഞ്ഞിയോ ആണ് നല്ലത്. കഞ്ഞി കുടിക്കുമ്പോൾ ഒപ്പം പയർ പുഴുങ്ങിയത് കൂടി ഉൾപ്പെടുത്തുക.
