ജിവിതത്തില്‍ ഒരിക്കലെങ്കിലും കൊതുക് കടിക്കാത്തവരുണ്ടോ? എന്നാല്‍ ഒരാള്‍ക്കൂട്ടത്തിനിടയില്‍ പോലും ചിലരെ കൊതുക് വളഞ്ഞിട്ട് കുത്താറുണ്ട്. എന്തു കൊണ്ടാണിതെന്ന് അറിയാമോ? നിങ്ങളെ ഇത്തരത്തില്‍ കൊതുക് കുത്താറുണ്ടെങ്കില്‍ അതില്‍ രക്ഷപെടണമെന്ന് ആഗ്രഹമുണ്ടോ? ഇതിനുള്ള പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 

ഈഡിസ് വിഭാഗം കൊതുകുകളില്‍ നടത്തിയ ഗവേഷണത്തിന്റേതാണ് അത്ഭുതപ്പെടുത്തുന്ന ഗവേഷണ ഫലം. കൊതുകുകള്‍ക്ക് മണം പിടിച്ചെടുത്ത് ഓര്‍ത്തുവയ്ക്കാനുള്ള കഴിവുകള്‍ ഉണ്ടെന്നാണ് ഗവേഷണം തെളിയിക്കുന്നത്. കുത്താന്‍ ശ്രമിക്കുമ്പോള്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കുന്നവരിലേയ്ക്ക് തിരികെ വരാനുള്ള പ്രവണത കൊതുകിന് കുറവാണെന്നും ഗവേഷണം തെളിയിക്കുന്നു. റിവാര്‍ഡ് ലേണിങ് എന്ന പ്രതിഭാസത്തിന് സഹായിക്കുന്ന ഡോപാമിന്‍ എന്ന രാസ വസ്തുവാണ് ഇതിന് കൊതുകിനെ സഹായിക്കുന്നത്.

വിയര്‍പ്പ് ഗന്ധവും ശരീരത്തില്‍ പയോഗിക്കുന്ന ചില പെര്‍ഫ്യൂമുകളും കൊതുകിനെ ആളുകളിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതായി ഗവേഷണം പറയുന്നു. തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ആളുകളെ ഇത്തരത്തില്‍ ഒരു ദിവസത്തിലധികം ഓര്‍ത്തിരിക്കാന്‍ കൊതുകിന് സാധിക്കുമെന്നാണ് ഗവേഷണം. ഒരാളിന്റെ ശരീരത്തില്‍ വരുമ്പോള്‍ നേരിടേണ്ടി വരുന്ന ചെറിയ വിറയലും ചൊറിയലുമെല്ലാം കൊതുക് ഇത്തരത്തില്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്.