നന്നായി രാത്രി ഉറങ്ങിയിട്ടും നിങ്ങൾക്ക് മയക്കവും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? ഒരു ശല്യവുമില്ലാതെ രാത്രിയിൽ നന്നായി ഉറങ്ങാനുള്ള പ്രവണത എല്ലാവരിലുമുണ്ടാകാറുണ്ട്. ഇങ്ങനെ ഉറങ്ങി എഴുന്നേറ്റാലും ക്ഷീണിതരായി തന്നെ തുടരുന്നത് നല്ല ലക്ഷണമല്ല. എന്താണ് ഉറക്കത്തെ ഇങ്ങനെ താറുമാറാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

സയൻസ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മസ്തിഷ്കം അതുല്യമായ സ്വയം വൃത്തിയാക്കൽ പ്രക്രിയ നടത്തുന്നുവെന്നും ഇതാണ് ഉറക്കസമയത്ത് നടക്കുന്നതെന്നും പറയുന്നു. നാഡിവ്യൂഹവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന അൽഷിമേഴ്സ്, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾക്ക് വഴിവെക്കാവുന്ന വിഷാംശങ്ങളെയാണ് ഇൗ ഘട്ടത്തിൽ മസ്തിഷ്ക്കം പുറന്തള്ളുന്നത്. ഇതാണ് രാത്രിയിലെ ഗാഢമായ നിദ്രയുടെ അടിസ്ഥാനവും ഗാഢനിദ്രക്ക് ശേഷവും നിങ്ങൾ ഉറക്കം തൂങ്ങി നിൽക്കുന്നുവെങ്കിൽ കാരണം ഇവയാകം:
1. നിർജലീകരണം
നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിന്‍റെ അംശം കുറഞ്ഞിരിക്കുന്നത് ക്ഷീണത്തോടെയുള്ള ഉറക്കം തൂങ്ങുന്ന അവസ്ഥക്ക് കാരണമാകാം. ആവശ്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ രക്തസമ്മർദം കുറയും. മസ്തിഷ്കത്തിലേക്ക് ഒാക്സിജന്റെ കൈമാറ്റ അളവും കുറയും. ഇത് അടുത്ത ദിവസം നിങ്ങളിൽ ക്ഷീണം തോന്നിപ്പിക്കും. കിടക്കാൻ പോകുന്നതിന് മുമ്പ് എന്നതിന് പകരം ദിവസം മുഴുവനായി ആവശ്യമായ തോതിൽ വെള്ളം ശരീരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കണം.

2. ലഹരിയും വില്ലൻ
മദ്യപാന ശീലം നിങ്ങളെ ക്ഷീണിതനായി നിർത്താൻ വഴിവെക്കും. മദ്യം കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഉറങ്ങാൻ വഴിയൊരുക്കും. എന്നാൽ അതോടൊപ്പം നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുകയും ചെയ്യും. മദ്യത്തിലെ രാസപദാർഥങ്ങൾ നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ചെയ്യും. മദ്യപാനം, പ്രത്യേകിച്ചും രാത്രിയിലേത് കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ അതിന് നിങ്ങളുടെ ശരീരം വില നൽകേണ്ടിവരും.
3. ധാതുക്കളുടെ കുറവ്
ശരീരത്തെ നിയന്ത്രിക്കുന്നതിൽ ധാതുക്കൾക്ക് പ്രധാന പങ്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ചുനിർത്തുന്നതിലും പേശികളുടെ ആരോഗ്യത്തിലും ധാതുക്കൾക്ക് പ്രധാന പങ്കുണ്ട്. ഇവയുടെ അഭാവവും നിങ്ങളെ ക്ഷീണിതരാക്കി നിർത്തും. ഇലക്കറികൾ കൂടുതലായി കഴിച്ച് ഇൗ പ്രശ്നത്തെ മറികടക്കാൻ കഴിയും.

4. ദഹനവ്യവസ്ഥയിലെ പ്രശ്നം
ഉറക്കത്തെ സഹായിക്കുന്ന ഹോർമോണ ആണ് മെലടോണിൻ. ഇത് സെറടോണിൻ എന്ന രാസവസ്തുവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വയറ്റിൽ നടക്കുന്ന ദഹന പ്രക്രിയയാണ് ഇവയുടെ ഉൽപ്പാദനം നിയന്ത്രിക്കുന്നത്. സെറടോണിൻ നന്നായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോള് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും. അതിനാൽ നിങ്ങളുടെ ദഹന വ്യവസ്ഥ ആരോഗ്യവത്താണെന്ന് ഉറപ്പുവരുത്തുക. ഫൈബർ അംശമുള്ള ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുന്നത് ഇതിന് സഹായകമാണ്.
5. ശാരീരിക അനാരോഗ്യം
ശാരീരികമായുള്ള അനാരോഗ്യവും ഉറക്കം കഴിഞ്ഞുള്ള ക്ഷീണത്തിന് കാരണമാകാറുണ്ട്. തൈറോഡ് പ്രശ്നം, ഇരുമ്പിന്‍റെ അംശത്തിന്റെ കുറവ്, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ ഡോക്ടറെ സമീപിക്കാൻ വൈകരുത്.
