ചുരയ്ക്ക ജ്യൂസ് കുടിച്ചാൽ മരിക്കുമോ? ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രത്യേക ടീം നടത്തിയ പഠനത്തിൽ പറയുന്നതിങ്ങനെ

ചുരയ്ക്ക ജ്യൂസ് കുടിച്ചാൽ മരിക്കുമോ. പലരുടെയും സംശയമാണ് ഇത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഒരു യുവതി ചുരയ്ക്ക ജ്യൂസ് കുടിച്ച് മരിച്ചത്. ഓഫീസിൽ പോകുന്നതിനു മുൻപായി എന്നും ചുരയ്ക്കാ ജ്യൂസ് കഴിക്കുന്ന ശീലം ഇവർക്കുണ്ടായിരുന്നു. അന്ന് ഓഫീസിലേക്ക് ഇറങ്ങിയതിനു ശേഷം കാറിൽ വെച്ച് ഛർദ്ദിക്കുകയും തിരികെ വീട്ടിൽ എത്തിയ ശേഷം കഠിനമായ വയറിളക്കം അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ഇതാദ്യമായല്ല രാജ്യത്ത് ചുരയ്ക്ക ജ്യൂസ് കാരണമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2011 ൽ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രത്യേക ടീം നടത്തിയ പഠനത്തിലെ മുന്നറിയിപ്പിൽ ചുരയ്ക്ക് ജ്യൂസ് കുടിക്കുമ്പോൾ ചെറിയ എന്തെങ്കിലും സ്വാദു വ്യത്യാസം അനുഭവപ്പെട്ടാൽ അത് കുടിക്കരുതെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ച് പുളിയോ കയ്പ്പോ സ്വാദു മാറ്റമോ ഉണ്ടായാൽ ജ്യൂസ് തീർച്ചയായും ഒഴിവാക്കുക തന്നെ വേണം എന്നാണ് മുന്നറിയിപ്പിൽ ഉള്ളത്. ചീത്തയാവുന്ന ചുരയ്ക്കയിൽ വളരെ വിഷാംശമുള്ള കുക്കുർബിറ്റേസിൻ എന്ന വസ്തുവാണുള്ളത്. വളരെ കുറഞ്ഞ അളവിൽ പോലും ശരീരത്തിനുള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന ഒന്നാണിതെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ജ്യൂസ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളിൽ ചെറിയ ഒരു രുചി വ്യത്യാസം പോലും അനുഭവപ്പെട്ടാൽ അത് തുടർന്ന് ഉപയോഗിക്കാതിരിക്കുക. പച്ചക്കറികൾ പ്രത്യേകിച്ച് ചുരയ്ക്ക പോലെയുള്ളവ കേടാകുമ്പോള്‍ വിഷാംശമുള്ള സംയുക്തങ്ങളാണ് ഇതിൽ രൂപപ്പെടുന്നത്. മരണത്തിലേക്ക് വരെ നയിക്കാൻ സാധിക്കുന്നവയായതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ​ഗവേഷകർ പറയുന്നു. ഇതിന് മുമ്പ് ചുരയ്ക്ക ജ്യൂസ് കുടിച്ച് ഉത്തർപ്രദേശിൽ നിന്ന് രണ്ട് കേസും ദില്ലിയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.