കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആദ്യം ചികിത്സ തേടിയെത്തിയത് കാലില്‍ ഷോക്ക് അനുഭവപ്പെടുന്നത് പതിവായപ്പോള്‍ വീണ്ടും ആശുപത്രിയിലെത്തി

പാരീസ്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് 35കാരിയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിക്കുകള്‍ ഭേദമായിട്ടും ക്ഷീണവും തളര്‍ച്ചയും മാറിയിരുന്നില്ല. കൂട്ടത്തില്‍ ഇടയ്ക്കിടെ കാലില്‍ ഷോക്ക് അനുഭവപ്പെടുകയും ചെയ്തു. 

കാലില്‍ ഷോക്ക് അനുഭവപ്പെടുന്നത് പതിവായതോടെ 3 മാസങ്ങള്‍ക്ക് ശേഷം യുവതി വീണ്ടും ആശുപത്രിയിലെത്തി. എം.ആര്‍.ഐ സ്‌കാനിലാണ് കാലില്‍ ഷോക്ക് അനഭവപ്പെട്ടതിന്റ കാരണം വ്യക്തമായത്. നട്ടെല്ലിനകത്ത് ജിവനുള്ള ഒരു വിരയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

സാധാരണയായി മൃഗങ്ങളില്‍ കാണപ്പെടുന്ന ഈ വിര ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അപൂര്‍വ്വമായി മനുഷ്യരിലുമെത്തുന്നു. മൃഗങ്ങളോട് അടുത്ത് ഇടപഴകുന്നതിലൂടെയും ഇത് ശരീരത്തിനകത്തെത്താം. 

നട്ടെല്ലിനകത്ത് കയറിപ്പറ്റുന്ന വിര ക്രമേണ നാഡീവ്യവസ്ഥയെ ബാധിക്കും. അതല്ലെങ്കില്‍ എല്ലുകളെയോ വൃക്കകളെയോ, കണ്ണുകളെയോ ഒക്കെ ബാധിച്ചേക്കാം. ഗുരുതരമായ അവസ്ഥയില്‍ നിന്ന് മരണം വരെ കൊണ്ടെത്തിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. 

മുതിര്‍ന്ന ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പിന്നീട് യുവതിയുടെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ വിരയെ നീക്കം ചെയ്തത്. കൃത്യമായ മരുന്നും വിശ്രമവും യുവതിയുടെ ആരോഗ്യനില വീണ്ടെടുക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.