ലൈംഗികത സ്‌ത്രീയ്‌ക്കും പുരുഷനും വെവ്വേറെ അനുഭവമാണ്. അതിലുള്ള താല്‍പര്യത്തിന്റെയും താല്‍പര്യക്കുറവിന്റെയും കാര്യത്തില്‍ ഈ വ്യത്യാസം കാണാം. ലൈംഗികതയില്‍ താല്‍പര്യം കുറയുന്നത് പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് കൂടുതലായി കാണുന്നതെന്ന് പുതിയ പഠനം. പ്രായമേറുന്നതോടെ സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക താല്‍പര്യം കുറയും. എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ലൈംഗിക താല്‍പര്യം നഷ്‌ടമാകുന്നത് സ്‌ത്രീകളില്‍ ഇരട്ടിയാണെന്നാണ് ബ്രിട്ടീഷ് സെക്ഷ്വല്‍ ആറ്റിറ്റ്യൂഡ്സ് പഠനം വ്യക്തമാക്കുന്നത്. പ്രധാനമായും ആരോഗ്യക്കുറവും, പരസ്പര ബന്ധത്തിലുള്ള കുറവുമാണ് പ്രായമേറുമ്പോഴുള്ള ലൈംഗിക താല്‍പര്യം കുറയുന്നതിന് കാരണമാകുന്നത്. അയ്യായിരം പുരുഷന്‍മാരിലും 6700 സ്‌ത്രീകളിലുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പുരുഷന്‍മാരില്‍ 35-44 വയസിനിടയിലും സ്‌ത്രീകളിലും 55-64 വയസിനിടയിലുമാണ് ലൈംഗിക താല്‍പര്യം തീരെ കുറയുന്നതെന്നുമാണ് പഠനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. ലണ്ടനിലെ സതാംപ്‌ടണ്‍ സര്‍വ്വകലാശാലയില്‍നിന്നുള്ളവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മാനസികാരോഗ്യത്തിലെ കുറവ്, ആശയവിനിമയത്തിലെ കുറവ്, പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പമില്ലായ്‌മ, ആരോഗ്യപ്രശ്‌നങ്ങള്‍, പ്രായം, ശാരീരികബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ ലൈംഗികതാല്‍പര്യം ഇല്ലാതാക്കുന്ന ഘടകങ്ങളാണെന്ന് പഠനത്തില്‍ വ്യക്തമായി.