ഏത് സമയവും നിലംപൊത്താവുന്ന മലയിടുക്കില്‍ യോഗാഭ്യാസവുമായി യുവതി നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ 

സുസെക്സ്: യോഗ മനസിനും ശരീരത്തിനും നല്ലതാണ് പക്ഷേ അപകടകരമായ രീതിയില്‍ യോഗ ചെയ്ത് കടുത്ത വിമര്‍ശനം ഏറ്റു വാങ്ങുകയാണ് അ‍‍‍ജ്ഞാതയായ ഈ യുവതി. കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഇംഗ്ലണ്ടിലെ സുസെക്സിലെ സീഫോര്‍ഡ് ഹെഡ് മലയിടുക്കില്‍ വച്ചായിരുന്നു യുവതിയുടെ ഇരുപത് മിനിറ്റ് നീണ്ട യോഗാഭ്യാസം. ചുണ്ണാമ്പ് ശിലയാല്‍ നിര്‍മിതമായ മല അപകടം പിടിച്ച പ്രദേശമാണ്. ഏത് സമയവും കടലിലേക്ക് ഇടിഞ്ഞ് പതിക്കാവുന്ന ചുണ്ണാമ്പുകല്ലുകളില്‍ നിന്നാണ് യുവതി ശീര്‍ഷാസനമടക്കമുള്ള യോഗാ വിദ്യകള്‍ ചെയ്തത്. 

വലിയ വിള്ളലുകള്‍ ഉള്ള പാറയിടുക്കില്‍ യുവതിയെ യോഗ ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഈ സമയം കടല്‍ത്തീരത്ത് എത്തിയ ഒരു ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. നിരന്തരം മലയിടിച്ചില്‍ നടക്കുന്ന സ്ഥലത്ത് വച്ചായിരുന്നു യുവതിയുടെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയുള്ള അഭ്യാസ പ്രകടനം.

മുപ്പത് വയസോളം പ്രായമുള്ള യുവതിയെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ചെങ്കുത്തായ പാറയില്‍ നിന്ന് ആളുകള്‍ വീണ് അപകടമുണ്ടാകുന്നത് പതിവായതോടെയാണ് അധികൃതര്‍ ഇവിടെ സുരക്ഷാ വേലികള്‍ കെട്ടിയത്. എന്നാല്‍ ഈ സുരക്ഷാ വേലികള്‍ മറികടന്നു കൊണ്ടായിരുന്നു യുവതിയുടെ അതി സാഹസിക യോഗ. യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രായമായ വനിതയേയും ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും.

ഏത് സമയവും ഇടിഞ്ഞ് നിലം പൊത്താന്‍ സാധ്യതയുള്ള 200 അടിയിലേറെ ഉയരമുള്ള പാറയിലെ യുവതിയുടെ സാഹസം കണ്ട് അമ്പരന്ന് നില്‍ക്കുന്ന സഞ്ചാരികളേയും ചിത്രങ്ങളില്‍ കാണാന്‍ കഴിയും. സംരക്ഷിത പ്രദേശങ്ങളില്‍ ചിലര്‍ ചെയ്യു്നന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഏറെ ദോഷകരമാകുമെന്നാണ് യുവതിയക്കെതിരെ നേരിടുന്ന പ്രധാന വിമര്‍ശനം. ഏതായാലും അധികൃതര്‍ യുവതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവതിയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.