അടുത്തുളള കാടുകളില്‍ വച്ച് പെറ്റ് പെരുകുന്ന പെരുമ്പാമ്പുകള്‍ കാട്ടിനകത്തെ ചെറിയ ജീവികളെ വകവരുത്തി ഭക്ഷണമാക്കുന്നതിന് പുറമെ, നാട്ടിലേക്കും ഇടയ്ക്കിടെ ഇറങ്ങും. ശല്യം സഹിക്കവയ്യാതായതോടെയാണ് ഗവേഷകരുടെ സഹായത്തോടെ പെരുമ്പാമ്പുകള്‍ പെരുകുന്നതിനെതിരായ നടപടികളുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തീരുമാനിച്ചത്

കാട്ടിലായാലും നാട്ടിലായാലും ഏതെങ്കിലും ഒരു ജീവി വര്‍ഗം അമിതമായി പെറ്റുപെരുകിയാല്‍ അത് മറ്റ് ജീവികളുടെ നാശത്തിനും കാരണമാകും. അതുതന്നെയാണ് തെക്കന്‍ ഫ്‌ളോറിഡയിലെ പലയിടങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. 

അടുത്തുളള കാടുകളില്‍ വച്ച് പെറ്റ് പെരുകുന്ന പെരുമ്പാമ്പുകള്‍ കാട്ടിനകത്തെ ചെറിയ ജീവികളെ വകവരുത്തി ഭക്ഷണമാക്കുന്നതിന് പുറമെ, നാട്ടിലേക്കും ഇടയ്ക്കിടെ ഇറങ്ങും. ശല്യം സഹിക്കവയ്യാതായതോടെയാണ് ഗവേഷകരുടെ സഹായത്തോടെ പെരുമ്പാമ്പുകള്‍ പെരുകുന്നതിനെതിരായ നടപടികളുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

ഇതിനായി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനൊരുങ്ങുന്ന പെണ്‍പാമ്പുകളെ കണ്ടെത്തണം. ശ്രമകരമായ ജോലിയാണിത്. എന്നാല്‍ ഇത് എളുപ്പത്തില്‍ ചെയ്യാനായി ഗവേഷകര്‍ തന്നെ ഒരു ബുദ്ധിയും കണ്ടെത്തി. ആണ്‍ പെരുമ്പാമ്പുകളെ പിടികൂടിയ ശേഷം ഇവരില്‍ സിഗ്നല്‍ നല്‍കാന്‍ കഴിയുന്ന റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിക്കുക. തുടര്‍ന്ന് ഇവരെ വീണ്ടും സ്വതന്ത്രരായി വിടുക. 

ഇവരില്‍ പെണ്‍പാമ്പുകള്‍ ആകൃഷ്ടരാകുമ്പോള്‍ കൃത്യമായി സിഗ്നലുകള്‍ എത്തും. അതോടെ പാമ്പ് പിടുത്തക്കാരടങ്ങുന്ന സംഘം സിഗ്നല്‍ പുറപ്പെട്ട സ്ഥലത്തെത്തും. അത്തരത്തില്‍ പിടികൂടിയ ഒരു പാമ്പിന്റെ വിശേഷമാണ് ഇപ്പോള്‍ ഫ്‌ളോറിഡയില്‍ ചര്‍ച്ചാവിഷയം. 

ഒരുനില കെട്ടിടത്തിന്റെ നീളത്തിനേക്കാള്‍ നീളമുണ്ടത്രേ ഈ കൂറ്റന്‍ പെണ്‍പാമ്പിന്. 64 കിലോഗ്രാം തൂക്കവുമുണ്ട്. 73 മുട്ടകളും ഇതിനൊപ്പം സംഘത്തിന് കിട്ടി. മുട്ടകള്‍ വൈകാതെ തന്നെ നശിപ്പിച്ചു. ഗവേഷണത്തിന് ആവശ്യമായ ചില വിവരങ്ങള്‍ കൂടി ഇതിനെ ഉപയോഗിച്ച് എടുക്കണം. അതുകഴിഞ്ഞാല്‍ വീണ്ടും വിട്ടയയ്ക്കും. 

എന്തായാലും ഫ്‌ളോറിഡയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിപ്പമുള്ള പാമ്പിനെ പിടികൂടിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. തുടര്‍ന്നും ഇതേ രീതി ഉപയോഗിച്ച് പെണ്‍ പാമ്പുകളെ കണ്ടെത്തി മുട്ടകള്‍ നശിപ്പിക്കാനാണ് ഇവരുടെ തീരുമാനം.