തണുപ്പുകാലത്ത് ചർമ്മത്തിന് തിളക്കവും ജലാംശവും നൽകാൻ, പുറമേയുള്ള പരിചരണത്തിന് പുറമെ അകത്തുനിന്നുള്ള പോഷണവും ആവശ്യമാണ്. മഞ്ഞൾ, റോസ് ഹിപ്, കമോമൈൽ, ഇഞ്ചി-നാരങ്ങ, പുതിന എന്നിവ ചേർത്ത ഔഷധ ചായകൾ.
തണുപ്പുകാലം വന്നാൽ കാണുവൻ മനോഹരമാണ്, പക്ഷേ നമ്മുടെ ചർമ്മത്തിന് അത്ര സന്തോഷിക്കാൻ വകയുണ്ടാവില്ല. തണുപ്പും വരണ്ട കാറ്റും ചർമ്മത്തെ മങ്ങിക്കുകയും ജലാംശം നഷ്ടപ്പെടുത്തുകയും ചെയ്യും. എത്ര വിലകൂടിയ ക്രീമുകൾ ഉപയോഗിച്ചാലും, അകത്ത് നിന്ന് പോഷണം ലഭിക്കാതെ ചർമ്മത്തിന് തിളക്കം ലഭിക്കില്ല. വിന്ററിൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും, വിഷാംശം നീക്കാനും, ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കുന്ന, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന 5 തരം 'ബ്യൂട്ടി ടീ'കളെ പരിചയപ്പെടാം. ദിവസവും ഒരു കപ്പ് കുടിച്ചാൽ മതി, മാറ്റം നിങ്ങൾക്കറിയാൻ സാധിക്കും
- മഞ്ഞളും കുരുമുളകും ചേർത്ത ചായ
മഞ്ഞൾപ്പൊടി അല്ലെങ്കിൽ പച്ച മഞ്ഞൾ, അൽപ്പം കുരുമുളക്, തേൻ. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം ചർമ്മത്തിന് ഒരു രക്ഷകനാണ്. ഇത് ശക്തമായ ആൻ്റി-ഇൻഫ്ലമേറ്ററിയാണ്. തണുപ്പുകാലത്ത് ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ്, വീക്കം, അലർജി എന്നിവയെ ഇത് പ്രതിരോധിക്കും. കുരുമുളക് ചേർക്കുന്നത് കുർക്കുമിൻ ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. മുഖക്കുരു ഉള്ളവർക്ക് ഇത് വളരെ നല്ലതാണ്.
- റോസ് ഹിപ് ടീ
ഉണങ്ങിയ റോസ് ഹിപ് ഫ്രൂട്ടുകൾ. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി യുടെ കലവറയാണ് റോസ് ഹിപ്. ഇത് ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. തണുപ്പിൽ ചുളിവുകൾ വരാതിരിക്കാനും, ചർമ്മം അയഞ്ഞുപോകാതിരിക്കാനും ഈ ചായ സഹായിക്കും. നല്ല ജലാംശം ലഭിച്ച് ചർമ്മം മൃദുവായി നിലനിൽക്കും.
- കമോമൈൽ ടീ
കമോമൈൽ ചായയെ സൗന്ദര്യ ലോകത്ത് 'ബ്യൂട്ടി സ്ലീപ്പ് ടീ' എന്നാണ് വിളിക്കുന്നത്. ഉറക്കമില്ലായ്മ ചർമ്മത്തെ ക്ഷീണിതമാക്കും. ഇത് നല്ല ഉറക്കം നൽകുന്നതിലൂടെ ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ഇതിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മത്തെ ശാന്തമാക്കുകയും , കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് കുറയ്ക്കുകയും ചെയ്യും.
- ഇഞ്ചിയും നാരങ്ങയും ചേർത്ത ടീ
ഇഞ്ചി, നാരങ്ങ, അൽപ്പം കറുവാപ്പട്ട എന്നിവ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഇഞ്ചി ദഹനവ്യവസ്ഥയെ ശുദ്ധീകരിച്ച് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുമ്പോൾ സ്വാഭാവികമായും ചർമ്മത്തിന് തിളക്കം വർദ്ധിക്കും. നാരങ്ങയും കറുവാപ്പട്ടയും ഇതിലെ വിറ്റാമിൻ സി-യുടെയും ആൻ്റിഓക്സിഡൻ്റുകളുടെയും അളവ് കൂട്ടുന്നു.
- ഗ്രീൻ ടീയും പുതിനയും
ചേരുവകൾ: ഗ്രീൻ ടീ, പുതിനയില. ഗ്രീൻ ടീയിലെ കാറ്റെച്ചിൻസ് ചർമ്മത്തെ പ്രായമാകൽ ലക്ഷണങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കും. പുതിനയിലയുടെ സാന്നിധ്യം ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും, മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ചർമ്മത്തിന് ഒരു 'കൂളിംഗ്' ഇഫക്റ്റ് നൽകാനും ഇത് നല്ലതാണ്.
ഈ വിന്ററിൽ നിങ്ങളുടെ പതിവ് സ്കിൻകെയർ ഉൽപ്പന്നങ്ങൾക്കൊപ്പം ഈ ബ്യൂട്ടി ടീകളും ശീലമാക്കുക. അകത്ത് നിന്നുള്ള ആരോഗ്യവും പുറത്ത് നിന്നുള്ള സൗന്ദര്യവും ചേരുമ്പോൾ ചർമ്മത്തിന് അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും


