പ്രകൃതിയിലെ ഒട്ടുമിക്ക സസ്യങ്ങളുടെയും നൈസർഗികമായ പ്രത്യുത്പാദനത്തിൽ സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നത് തേനീച്ചകളാണ് എന്ന് നമുക്കെല്ലാവർക്കുമറിയാം. പൂക്കളിൽ തേനുണ്ണാൻ വന്നിറങ്ങുന്ന തേനീച്ചകളുടെ ദേഹത്ത് പടർന്നാണല്ലോ പൂമ്പൊടിയുടെ പരാഗണം നടക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ പഠനങ്ങൾ പറയുന്നത്, ലോകത്തിലെ 75  ശതമാനം സസ്യങ്ങളിലും പരാഗണത്തിന് തേനീച്ചകൾ ഒഴിവാക്കാനാകാത്ത പങ്കാണ് വഹിക്കുന്നത്. പരാഗണം നടന്നാൽ മാത്രമേ വിളകൾക്ക് നിലനിൽപ്പുള്ളൂ. എന്നാൽ ബ്രസീലിൽ കഴിഞ്ഞ മൂന്നുമാസങ്ങളായി ഈ തേനീച്ചകൾ ചത്തടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, കോടിക്കണക്കിനു തേനീച്ചകളാണ് ബ്രസീലിൽ  ചത്തുവീണത്. കേട്ടത് ശരിയാണെങ്കിൽ, നമ്മുടെ നാടിൻറെ ഭക്ഷ്യസമ്പത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ തേനീച്ചമരണങ്ങൾ ഉണ്ടാക്കാൻ പോവുന്നത്. 

ഈ കണക്കിന് പിന്നിൽ ബ്രസീലിലെ തേനീച്ച വളർത്തുകാരുടെ സംഘമാണ്. അവർ പറയുന്നത്, നാലു ബ്രസീലിയൻ സംസ്ഥാനങ്ങളിലായി അമ്പതുകോടി ( 500  മില്യൺ) തേനീച്ചകളാണ് ചത്തൊടുങ്ങിയിരിക്കുന്നത്. റിയോ ഗ്രാൻഡെ ഡോ സുലിൽ 40 കോടി, സാവോപോളോയിൽ 70ലക്ഷം, സാന്റാ കാറ്റാറിനയിൽ അഞ്ചുകോടി. മാറ്റൊ ഗ്രോസോ ഡോ സുലിൽ 4.5  കോടി - ആകെ ചത്ത തേനീച്ചകൾ അമ്പതുകോടി. ഡിസംബർ 2018  മുതൽ ഫെബ്രുവരി 2019  വരെ ശേഖരിച്ച കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 

വെറും മണിക്കൂറുകളുടെ ഇടവേളയിലാണ് അജ്ഞാതമായ അസുഖം ബാധിച്ച് പതിനായിരക്കണക്കിന് തേനീച്ചകൾ ചത്തൊടുങ്ങിയതായി റയോ ഗ്രാൻഡെ ഡോ സുലിലെ തേനീച്ചവളർത്തുകാരുടെ സംഘടനയുടെ വൈസ് പ്രസിഡന്റായ ആൽഡോ മച്ചാദോ ബ്ലൂംബർഗിനോട് പറഞ്ഞത്. " ചത്തുവീണ തേനീച്ചകളെ കൂട്ടിനുള്ളിൽ നിന്നും വെളിയിലാക്കാൻ ശ്രമിക്കുന്നതിനിടെ ആരോഗ്യമുള്ള തേനീച്ചകൾക്കും അസുഖം പകർന്ന് അവയും പിന്നാലെ ചാവുകയായിരുന്നു. " അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ കുറേക്കാലമായി ബ്രസീലിൽ വർധിച്ചുവരുന്ന രാസകീടനാശിനികളുടെ വിവേചനബുദ്ധിയില്ലാത്ത പ്രയോഗമാണ് തേനീച്ചയ്ക്ക് രോഗം സമ്മാനിച്ചതെന്നാണ് ബ്രസീലിലെ കാർഷിക ഗവേഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ജനുവരി മുതൽ ബ്രസീൽ പുതുതായി മുപ്പതിനം കീടനാശിനികൾ ഉപയോഗത്തിനായി അംഗീകാരം നൽകിയിരുന്നു. ഫിപ്രോനിൽ പോലുള്ള ചില കീടനാശിനികളുടെ കൂടിയ അളവിലുള്ള സാന്നിധ്യം ചത്തുവീണ തേനീച്ചകളുടെ ശരീരത്തിൽ നടത്തിയ പരിശോധനകളിൽ തെളിഞ്ഞിരുന്നു. കൃഷിക്കാർ കളകളെയും കീടങ്ങളെയും അകറ്റാനായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖ്യകീടനാശിനിയാണ് ഫിപ്രോനിൽ.  അമേരിക്കൻ പരിസ്ഥിതി ഏജൻസികൾ മനുഷ്യരിൽ കാൻസറിന്‌ കാരണമാകുന്ന രാസവസ്തുക്കളുടെ കൂട്ടത്തിലാണ് ഫിപ്രോനിലിന്റെ സ്ഥാനം. 

ഇത്ര കൂടിയ തോതിൽ തേനീച്ചകൾ ചത്തൊടുങ്ങുന്ന സ്ഥിതിക്ക്, അതിനു കാരണമാകുന്ന രാസവസ്തു ഏതായാലും അത് അവിടങ്ങളിൽ താമസിക്കുന്ന മനുഷ്യരെയും അപകടത്തിലാക്കില്ലേ എന്ന് സ്വാഭാവികമായും ശാസ്ത്രജ്ഞരടക്കമുള്ളവർ സംശയിക്കുന്നു. ബ്രസീൽ ഫെഡറൽ ഡിസ്ട്രിക്റ്റ് ഏപികൾച്ചർ അസോസിയേഷൻ പ്രസിഡന്റായ ആൽബർട്ടോ ബസ്റ്റോസ് പറഞ്ഞത് തേനീച്ചകളുടെ മരണം, മനുഷ്യന് വിഷമേൽക്കുന്നതിന്റെ സൂചനയാണ് എന്നായിരുന്നു. 

ഈ വിവരമറിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലും സമാനമായ പ്രതികരണങ്ങൾ ഉണ്ടായി.