ഒസ്ട്രേലിയ: ക‍ഞ്ചാവ് കടത്താൻ നിരവധി മാർ​ഗങ്ങളാണ് കള്ളക്കടത്തുകാരും ഡീലർമാരുമെല്ലാം ദിനംപ്രതി പരീക്ഷിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്ന രീതിയും വ്യാപകമാണ്. അധികൃതർ പിടികൂടാതിരിക്കാൻ‌ വായക്കകത്ത് ലഹരിപദാർത്ഥങ്ങൾ ഒളിപ്പിച്ച് വയ്ക്കുന്നവരുമുണ്ട്. അത്തരത്തിൽ 18 വർഷത്തോളം മൂക്കിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വച്ച യുവാവിന്റെ മൂക്കിനുള്ളിൽനിന്ന് ക‍ഞ്ചാവ് പുറത്തെടുത്തെടുത്ത വാർത്തയാണ് ഒസ്ട്രേലിയയില്‍ നിന്ന് പുറത്തുവരുന്നത്. ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ മൂക്കിനുള്ളില്‍ നിന്ന് ഡോക്ടർമാർ കഞ്ചാവ് പുറത്തെടുത്തത്. 

മെഡിക്കല്‍ മാസികയായ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തടവ് ശിക്ഷ അനുഭവിക്കുന്ന കാലത്തായിരുന്നു അധികൃതരുടെ കണ്ണ് വെട്ടിച്ച് യുവാവ് കഞ്ചാവ് മൂക്കിനുള്ളില്‍ ഒളിപ്പിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ എളുപ്പത്തിൽ ആവശ്യാനുസരണം എടുത്ത് ഉപയോ​ഗിക്കാമെന്ന് കരുതിയായിരുന്നു അത്തരമൊരു സാഹസത്തിന് യുവാവ് മുതിർന്നത്. എന്നാല്‍, പണി പാളി. മൂക്കിനുള്ളില്‍ തിരുകി കയറ്റുന്നതിനിടെ കഞ്ചാവ് പൊതി അബദ്ധവശാൽ യുവാവിന്റെ മൂക്കില്‍ കുടുങ്ങി. പിന്നീട് മൂക്കിൽ നിന്ന് എടുക്കാൻ കഴിയാതാകുകയും ചെയ്തു.

ജയിലിൽ കഴിയുമ്പോൾ റബർ ബലൂണിലാക്കി കാമുകിയാണ് യുവാവിന് കഞ്ചാവ് പൊതി നൽകിയതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ശിക്ഷ കഴിഞ്ഞ ഇറങ്ങിയപ്പോഴാണ് മൂക്കിൽ കുരുങ്ങിക്കടന്ന ക‍ഞ്ചാവ് പൊതി പുറത്തെടുക്കാൻ യുവാവ് ആശുപത്രിയിലെത്തിയത്.

2007ൽ ജേർണൽ നടത്തിയ പഠനത്തിൽ സമാനമായ മറ്റൊരു ശസ്ത്രക്രിയ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. 21 കാരനായ യുവാവിന്റെ മൂക്കിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നൈലോണിന്റെ തുണിയിൽ പൊതിഞ്ഞ രൂപത്തിലുള്ള ഓപ്പിയവും കോക്കയിനുമാണ് പുറത്തെടുത്തത്.