എന്തെങ്കിലും ആഘോഷങ്ങളുടെയോ കൂട്ടായ്മകളുടെയോ എല്ലാം ഭാഗമായി പലതരത്തിലുള്ള മത്സരങ്ങളും നമ്മള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ തീറ്റ മത്സരം എന്നൊക്കെ കേട്ടാല്‍ പലപ്പോഴും ആളുകള്‍ ചാടിവീഴാറുണ്ട്. ജയമോ പരാജയമോ അല്ല, വിഷയം. മറിച്ച് ഇഷ്ടം പോലെ ഭക്ഷണവും, പിന്നെ അതിന്റെ ആവേശവും.

എന്നാല്‍ ഈ മത്സരത്തിന് അത്ര പെട്ടെന്നൊന്നും ആളുകള്‍ ചാടിവീഴില്ലെന്ന് തീര്‍ച്ച. ചാടിവീഴില്ലെന്ന് മാത്രമല്ല, അയ്യയ്യേ ഇതൊക്കെ മത്സരമാക്കാമോ എന്ന ചോദ്യവും ചോദിച്ചേക്കാം. കാരണം നമ്മള്‍ പരിചയിച്ചുവന്നിരിക്കുന്ന ചുറ്റുപാടുകളില്‍ ഈ മത്സരവിഷയം അല്‍പം സ്വകാര്യമായ ഒന്നാണ്. 

എന്താണ് ഇത്രയ്ക്ക് പുറത്തുപറയാന്‍ കൊള്ളാത്ത മത്സരവിഷയമെന്നാണോ ചിന്തിക്കുന്നത്? പറയാം...

ഏറ്റവും ദീര്‍ഘമായും, സംഗീതാത്മകമായും, ഉച്ചത്തിലും കീഴ്ശ്വാസം വിടണം. ഇതാണ് മത്സരം. കേട്ടയുടന്‍ 'അയ്യേ' എന്ന് പറയാന്‍ വരട്ടെ. ഇന്ത്യക്ക് പുറത്ത് എത്രയോ രാജ്യങ്ങളില്‍ ഇത് സ്ഥിരമായി നടക്കാറുള്ള മത്സരമാണത്രേ. അവിടങ്ങളിലുള്ളവര്‍ക്ക് ഇതൊരു മോശം പ്രവര്‍ത്തിയല്ലെന്നതാണ് സംഗതി. 

ഇന്ത്യയിലാദ്യമായി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത് ഗുജറാത്തിലെ സൂറത്തിലുള്ള ഒരു ഹോട്ടലാണ്. ഈ വരുന്ന 22നാണ് മത്സരം. ഏതാണ്ട് ഇരുന്നൂറോളം പേര്‍ മത്സരത്തിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ. നൂറ് രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 

വിജയിയായാല്‍ ട്രോഫിക്ക് പുറമേ ക്യാഷ് പ്രൈസും ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും നല്‍കുമെന്നാണ് സംഘാടകര്‍ പരസ്യത്തില്‍ പറയുന്നത്. ഓരോ മത്സരാര്‍ത്ഥിക്കും 60 സെക്കന്‍ഡ് സമയമാണത്രേ നല്‍കുക. ഇതിനുള്ളില്‍ അവര്‍ക്ക് അവരുടെ 'കഴിവ്' തെളിയിക്കാം. വിധികര്‍ത്താക്കള്‍ പ്രകടനം വിശദമായി വിലയിരുത്തിയ ശേഷം വിജയിയെ പ്രഖ്യാപിക്കും. എന്തായാലും വ്യത്യസ്തമായ മത്സരപരിപാടി പ്രഖ്യാപിച്ചതോടെ ഹോട്ടലും സംഘാടകരുമെല്ലാം ഒറ്റയടിക്ക് പ്രശസ്തരായി എന്ന് പറയാതെ വയ്യ.