ചൂടന്‍ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ട്വിറ്ററില്‍ ഒരിക്കലും പ‍ഞ്ഞമുണ്ടാകാറില്ല. ഒന്നുകഴിയുമ്പൊള്‍ മറ്റൊന്നെന്നകണക്കിന് വിഷയങ്ങള്‍ ഒഴുകുന്നിടമാണ് ട്വിറ്റര്‍ ലോകം. ഇപ്പോള്‍ ഈ ലോകത്ത് ചര്‍ച്ചാ വിഷയം ഒരു കുളിമുറിയും കക്കൂസുമാണ്. എല്ലാ വിഷയത്തിലും തല്ലുകൂടുന്ന ട്വിറ്ററാറ്റികള്‍ എന്നാല്‍ ഒറ്റക്കെട്ടായി പറയുന്നു 'അയ്യേ ഇതെന്തൊരു കുളിമുറി!'. 

അതേ ഇത് അങ്ങനെയൊരു കുളിമുറിയാണ്. കിടപ്പറയ്ക്കുള്ളിലെ ഈ കുളിമുറിക്കും കക്കൂസിനും വാതിലില്ല. തുറന്നിട്ട ശുചിമുറി അതാണ് ട്വിറ്ററാറ്റികളുടെ നെറ്റിചുളിക്കാനിടയാക്കിയ സംഭവം. 

റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ടര്‍ ദെബ്രയാണ് ഇത്തരമൊരു കിടപ്പുമുറിയുടെ ചിത്രം പങ്കുവച്ചത്. കിടപ്പറയിലെ ഈ കുളിമുറിയില്‍ ബാത്ത് ടബ്ബുണ്ട്, രണ്ട് വാഷ് ബേസിന്‍ ഉണ്ട്, ഒരു ഷവറും കണ്ണാടിയുമുണ്ട്. പാതി മറയുള്ള യൂറോപ്യന്‍ ക്ലോസറ്റും ഇതിലുണ്ട്. ദമ്പതികള്‍ക്ക് വേണ്ടത് ഇങ്ങനെ ഒരു കുളിമുറിയാണെന്നാണ് ഉടമയുടെ അഭിപ്രായമെന്നും ചിത്രം പങ്കുവച്ച ദെബ്ര പറയുന്നു. 

ഇതുകണ്ട് 'അയ്യേ' എന്ന് പറയുകയാണ് ആളുകള്‍. സ്വകാര്യമായി ഒന്നുമില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. തന്നോട് തന്നെ സകത്യസന്ധമായിരിക്കാനുള്ള ഒരേ ഒരു സ്ഥലമാണ് കുളിമുറി അവിടെ തനിക്ക് സ്വകാര്യത വേണമെന്ന് മറ്റൊരാള്‍, എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത് ഇതാകില്ലെന്ന് മറ്റു ചിലരും കുറിക്കുന്നു. 

ട്വിറ്ററില്‍ എന്തൊക്കെ ബഹളമുണ്ടായാലും വീടിന്‍റെ ഉടമയ്ക്ക് ഇത് വളരെ അധികം ഇഷ്ടമായിട്ടുണ്ടത്രേ. വളരെ നല്ല ആശയമാണിതെന്നാണ് ഉടമ വില്യംസണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറ‌ഞ്ഞത്.