നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ? എന്ത് ഉപ്പ് ? അല്ല, ഈ പേസ്റ്റൊക്കെ തന്നെ എന്നാ ഉണ്ടായത് ? ടൂത്ത് പേസ്റ്റൊക്കെ വരുന്നതിന് മുമ്പ് നമ്മള്‍ പല്ലുതേച്ചിരുന്നില്ലേ? ഉണ്ട്. മലയാളികള്‍ പണ്ടുക്കാലം മുതല്‍ പല്ല് വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നത് ഉമിക്കരിയാണ്.  ഇപ്പോള്‍ എല്ലാ വീടുകളിലും ഉപ്പ് ഉള്ളതും ഇല്ലാത്തതുമായ പേസ്റ്റുകളാണ് പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉമിക്കരിക്കും ഡിമാന്‍റ്  കൂടുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. 

കാരണം വെറെയൊന്നുമല്ല. ഉമിക്കരി ഇപ്പോള്‍ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ലഭിക്കുമത്രേ. Activated Charcoal Teeth Whitening Powder, Charcoal Tooth Powder അങ്ങനെ പല ബ്രാൻഡുകളുടെ  പേരില്‍ സംഭവം ഓൺലൈനില്‍ വാങ്ങാം. 60 രൂപ മുതൽ 850 രൂപ വരെ പല വിലകളിലാണ് ഉമിക്കരി ലഭിക്കുന്നത്.

എങ്കിലും വീട്ടിലുണ്ടാക്കുന്ന  ഉമിക്കരിയില്‍ ഇത്തിരി ഉപ്പും കുരുമുളക് പൊടിയും ഗ്രാമ്പൂവും ചേർത്ത് പൊടിച്ച് തേയ്ക്കുന്നതിന്‍റെ സംതൃപ്തി ഇതില്‍ നിന്നും കിട്ടുമോയെന്ന് സംശയമാണ്. നെല്ലിന്‍റെ പുറം‌പാളിയായ ഉമി കരിച്ചാൽ ലഭിക്കുന്നതാണ് ഉമിക്കരി. ഉമിക്കരി നന്നായി പൊടിച്ച് വിരലിലെടുത്ത് പല്ലുകളിൽ ഉരയ്ക്കുമ്പോൾ പല്ലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നശിച്ച് പല്ല് വൃത്തിയാവുകയാണ് ചെയ്യുന്നത്.