തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തിളങ്ങുന്ന താരമാണ് താപ്‌സി പന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ മോഡലിംഗില്‍ കഴിവ് തെളിയിച്ചു. മോഡല്‍ കൂടിയായതിനാല്‍, ശരീരത്തിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ താപ്‌സി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ഇപ്പോള്‍ തന്റെ ഫിറ്റ്‌നെസിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താപ്‌സി. വര്‍ക്കൗട്ടും ഡയറ്റുമെല്ലാം സൂക്ഷിക്കുന്നുണ്ടെങ്കിലും താപ്‌സിയുടെ രീതികള്‍ അല്‍പം വ്യത്യസ്തമാണ്. 

എല്ലാ ദിവസവും ജിമ്മില്‍ വര്‍ക്കൗട്ടിന് പോയാല്‍ അത് ബോറടിയായിരിക്കും. അതേസമയം, ചില ദിവസങ്ങളില്‍ ജിം ഒഴിവാക്കി ഡാന്‍സ് ക്ലാസിന് പോകണം. അതല്ലെങ്കില്‍ ബാഡ്മിന്റണ്‍ പോലുള്ള ഏതെങ്കിലും ഇഷ്ടപ്പെട്ട കായികവിനോദമാകാം. ഇങ്ങനെയാകുമ്പോള്‍ എപ്പോഴും ഒരേ വര്‍ക്കൗട്ട് തന്നെ ചെയ്യുന്നതിന്റെ വിരസതയുണ്ടാകില്ലല്ലോ എന്നാണ് താപ്‌സിയുടെ വാദം. 

ഇതുതന്നെയാണ് താപ്‌സി പിന്തുടരുന്ന വര്‍ക്കൗട്ട് രീതികളും. ഇതിന് പുറമെയാണ് ഡയറ്റ് കാര്യങ്ങള്‍. എപ്പോഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കൂ. അതിനാണ് ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നത്. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും എന്തെങ്കിലും കഴിക്കും. പരമാവധി സീസണല്‍ ഫ്രൂട്ടുകളോ പച്ചക്കറികളോ, അല്ലെങ്കില്‍ ഫ്രഷ് ആയി പാകം ചെയ്ത എന്തെങ്കിലും ഭക്ഷണമോ ആണ് ഇതിനായി തെരഞ്ഞെടുക്കാറ്. 

പക്ഷേ അളവിന്റെ കാര്യത്തില്‍ വന്‍ കണിശതയാണ്. ഒരല്‍പം പോലും കൂടുതലാകാന്‍ സമ്മിതിക്കില്ല. ഇതൊരു ഡയറ്റ് ടിപ് ആണെന്നാണ് താപ്‌സി പറയുന്നത്. സിനിമകള്‍ ചെയ്യുന്ന സമയത്താണെങ്കില്‍ യാത്രകള്‍ കൂടുതലായിരിക്കും. അപ്പോള്‍ അതത് സ്ഥലങ്ങളില്‍ കിട്ടുന്ന പഴങ്ങള്‍, പച്ചക്കറികള്‍ - എല്ലാം സംഘടിപ്പിക്കും. 

കയ്യിലെപ്പോഴും പൈന്‍ സീഡോ, സണ്‍ഫ്‌ളവര്‍ സീഡോ കരുതും. അതും എടയ്ക്ക് സ്‌നാക്ക് ആയി കൊറിക്കും. വളരെ രുചികരമാണെന്ന് മാത്രമല്ല, ഏറെ ആരോഗ്യഗുണങ്ങളുള്ളവ കൂടിയാണ് ഇത്തരം വിത്തുകളെന്ന് താപ്‌സ് പറയുന്നു. 

ഫ്രൈഡ് ഫുഡ് ആണ് താപ്‌സി ഡയറ്റില്‍ ഒട്ടും ഉള്‍പ്പെടുത്താത്ത ഭക്ഷണം. അതുപോലെ തന്നെ കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണസാധനങ്ങളും ഒഴിവാക്കും. കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും കാണുമ്പോള്‍ 'കണ്‍ട്രോള്‍' വിട്ടുപോകുന്ന ഒരേയൊരു ഭക്ഷണമുണ്ട്, അതാണ് തന്റെ ദൗര്‍ബല്യം- താപ്‌സി പറയുന്നു. മറ്റൊന്നുമല്ല, കേക്ക് ആണ് താപ്‌സിയുടെ ഡയറ്റും ചിട്ടയുമെല്ലാം തെറ്റിക്കുന്ന ആ ഭക്ഷണം. കുറ്റബോധം തോന്നുമെങ്കിലും പിന്നെയും കഴിക്കാന്‍ തോന്നുമെന്നതാണ് കേക്കിന്റെ പ്രത്യേകതയെന്നും താപ്‌സി കൂട്ടിച്ചേര്‍ക്കുന്നു.