വിലകൂടിയ വസ്ത്രങ്ങളും വാഹനങ്ങളും പരിചരിക്കാന്‍ ചുറ്റും ആളുകളുമായി രാജകീയ ജീവിതമാണ് പല സിനിമാ താരങ്ങളും നയിക്കുന്നത്. എയര്‍പോര്‍ട്ടില്‍ പോലും താരങ്ങളുടെ ഈ ആഡംബരം കാണാം. പല താരങ്ങളുടെ ട്രെന്‍ഡി എയര്‍പോര്‍ട്ട് ലുക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് സെലിബ്രൈറ്റി കിഡ് സാറ അലി ഖാന്‍. 

എയര്‍പോര്‍ട്ടില്‍ നിന്നുള്ള സാറ അലി ഖാന്‍റെ ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലളിതമായി വസ്ത്രങ്ങള്‍ ധരിച്ച് വലിയ ലഗേജുകളുള്ള ട്രോളിയുമായി നീങ്ങുകയാണ് താരം. 

ഈ ചിത്രങ്ങള്‍ കണ്ട് സാറയെ അഭിനന്ദിച്ച് നടന്‍ റിഷി കപൂറും രംഗത്തെത്തി. എങ്ങനെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ പെരുമാറണമെന്നതിന് നിങ്ങള്‍ ഒരു ഉദാഹരണമാണെന്നാണ് ഋഷി കപൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍റെയും അമൃത സിങ്ങിന്‍റെയും മകളാണ് സാറ. നേരത്തെ  മറ്റുതാരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തയായി ഓട്ടോയില്‍ ജിമ്മിലെത്തുന്ന താരത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.