ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ്  ക്യൂട്ട് താരം എന്നാണ് ആലിയ ഭട്ട് അറിയപ്പെടുന്നത്. അടുത്തിടെയായി ആലിയയുടെ പേരിനോടൊപ്പം ചേര്‍ത്ത് കേള്‍ക്കുന്ന പേര് ബോളിവുഡ് യുവനടന്‍ രണ്‍ബീറിന്‍റെയാണ്. ഇപ്പോഴിതാ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ബോളിവുഡിന്റെ പ്രിയതാരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

എന്റർടെയ്ൻമെന്റ് ജേർണലിസ്റ്റായ രാജീവ് മസന്ദ് ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് രാജീവ് മസന്ദ് പറഞ്ഞു. രണ്ടു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.

 

വിവാഹത്തിന് ആലിയ ധരിക്കുന്ന വസ്ത്രം എന്തായിരിക്കും എന്നതാണ് ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ആലിയയുടെ പ്രിയപ്പെട്ട ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജി തന്നെയായിരിക്കുമോ ആലിയയ്ക്ക് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നു. ദീപിക പദുകോണിന്‍റെയും പ്രിയങ്ക ചോപ്രയുടെയും അനുഷ്ക ശര്‍മ്മയുടെയും വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും സബ്യസാചി മുഖർജി തന്നെയായിരുന്നു. 

സോനം കപൂറിന്‍റെ വിവാഹത്തിന് ആലിയ ഭട്ട് ധരിച്ച ലെഹങ്ക ഫാഷന്‍ ലോകത്ത് ഏറെ കയ്യടി നേടിയിരുന്നു. അത് ഡിസൈന്‍ ചെയ്തതും  സബ്യസാചി ആയിരുന്നു.

 

അതുപോലെ നിരവധി ചടങ്ങുകളില്‍ ആലിയ ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. ആലിയയുടെ വിവാഹത്തിന് എന്തായിരിക്കും സബ്യസാചി ഒരുക്കുന്നത് എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.