ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ്  ക്യൂട്ട് താരം എന്നാണ് ആലിയ ഭട്ട് അറിയപ്പെടുന്നത്. അടുത്തിടെയായി ആലിയയുടെ പേരിനോടൊപ്പം ചേര്‍ത്ത് കേള്‍ക്കുന്ന പേരാണ് രണ്‍ബീര്‍ കപൂറിന്‍റേത്. ബോളിവുഡ് യുവനടന്‍  രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നും  വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുളള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്. അതിനിടെയിലാണ് പുതിയ വാര്‍ത്ത.

 

ആലിയ തന്‍റെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യാനായി ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയെ ഏല്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത. എന്‍ഡിടിവി, സ്പോര്‍ട്ട് ബോയ് ഇ, ഇന്ത്യ ടുഡേ ഉള്‍പ്പെടെയുളള നിരവധി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. 2020 ഏപ്രിലിലായിരിക്കും രണ്‍ബീര്‍- ആലിയ വിവാഹം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആലിയയ്ക്കായി പ്രത്യേക വിവാഹ ലഹങ്കയായിരിക്കും സബ്യസാചി മുഖർജി ഡിസൈന്‍ ചെയ്യുന്നത്. ദീപിക പദുകോണിന്‍റെയും പ്രിയങ്ക ചോപ്രയുടെയും അനുഷ്ക ശര്‍മ്മയുടെയും വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും സബ്യസാചി മുഖർജി തന്നെയായിരുന്നു.

 

 

നിരവധി പരിപാടികള്‍ക്കായി ആലിയയ്ക്ക് വേണ്ടി അദ്ദേഹം നിരവധി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. അതേസമയം വിവാഹവാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.