അടിവസ്ത്രത്തില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചതിനെ തുടര്‍ന്ന് വെട്ടിലായി അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനി 'കസ്റ്റമണ്‍'. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഡിസൈന്‍ ആണെന്നും ഇത് ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം രംഗത്തെത്തിയിട്ടുണ്ട്. 

കൂടുതല്‍ 'സെക്‌സി' ആകാന്‍ വേണ്ടിയെന്ന് കാണിച്ചാണ് കമ്പനി ഈ അടിവസ്ത്രം വിപണിയിലിറക്കിയിരിക്കുന്നത്. 'ഗണേശ് തോംഗ്', 'ഗണേശ് പാന്റി' എന്നീ പേരുകളില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണത്രേ ഇത്. 18.64 ഡോളറാണ് ഒരു പീസിന്റെ വില. 

'ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഗണപതിയുടെ ചിത്രം ക്ഷേത്രങ്ങളിലോ വീടുകളിലോ ഒക്കെ വച്ച് ആരാധിക്കേണ്ടതാണ്. അതുവച്ച് ഒരിക്കലും അടിവസ്ത്രം അലങ്കരിക്കരുത്. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ദൈവങ്ങളുടെ ചിത്രം ഉപയോഗിക്കുന്നത് ഭക്തരെ വേദനിപ്പിക്കും. അതിനാല്‍ ഉത്പന്നം പിന്‍വലിക്കുകയും, അതിനൊപ്പം തന്നെ കമ്പനി ഭക്തരോട് മാപ്പ് പറയുകയും വേണം..'- യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് പറഞ്ഞു. 

വ്യത്യസ്തമായ ഡിസൈനുകളും ഡിജിറ്റല്‍ പ്രിന്റുകളുമടങ്ങിയ ടീ ഷര്‍ട്ടുകള്‍, ടോപ്പുകള്‍, ഹൂഡി, ഷര്‍ട്ടുകള്‍, അടിവസ്ത്രം എന്നിവയാണ് പ്രധാനമായും 'കസ്റ്റമണ്‍' വിപണിയിലിറക്കുന്നത്. ഇതിനൊപ്പം ഫോണ്‍ കവറുകള്‍ മഗ്ഗുകള്‍ എന്നിവയും വില്‍ക്കുന്നുണ്ട്.