ഒരു പ്രസവത്തില്‍ ആറ് മക്കള്‍! കേള്‍ക്കുന്നവരെയെല്ലാം ഒരുപോലെ അതിശയിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. സാധാരണഗതിയില്‍ രണ്ടിലധികം കുഞ്ഞുങ്ങള്‍ ഒരു പ്രസവത്തില്‍ വരുമ്പോള്‍ തന്നെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും ഏറെയാണ്. അപ്പോള്‍ ആറ് പേരുടെ കാര്യത്തിലുള്ള ആശങ്ക പറയാനില്ലല്ലോ...

കുട്ടികളുടെ എണ്ണം കൂടുംതോറും അവരുടെ ആരോഗ്യാവസ്ഥ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളും കൂടുതലായിരിക്കും. രണ്ടിലധികം കുട്ടികളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജീവന്‍ പോലും ഭീഷണിയിലാകാറുണ്ട്. അത്തരമൊരു മുന്‍കൂര്‍ ജാമ്യം ക്രിസ്- ഡയമണ്ട് ദമ്പതികളുടെ കാര്യത്തിലും ഡോക്ടര്‍മാര്‍ എടുത്തിരുന്നു. 

അലബാമ സ്വദേശികളായ ദമ്പതികള്‍ ഇക്കാര്യത്തില്‍ ഏറെ ഭയപ്പെടുകയും ചെയ്തിരുന്നു. അഞ്ച് കുട്ടികളാണെന്നായിരുന്നു സ്‌കാനിംഗ് ഫലം പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഗര്‍ഭാവസ്ഥയിലും പല ആരോഗ്യപ്രശ്‌നങ്ങള്‍ ഡയമണ്ട് നേരിട്ടു. 

 

 

ഒടുവില്‍ 2002 ജൂലൈ 8ന് അവര്‍ ഈ ലോകത്തേക്ക് കടന്നുവന്നു. രണ്ട് പെണ്‍മക്കളും നാല് ആണ്‍മക്കളും. പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് സിസേറിയനിലൂടെയായിരുന്നു കുട്ടികളെ പുറത്തെടുത്തത്. ആറ് കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ വരെ തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമാണ്. 

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം അവര്‍ക്കുമുണ്ടായിരുന്നു. കൂട്ടത്തിലൊരാളുടെ നില അല്‍പം ഗുരുതരവുമായിരുന്നു. എന്തായാലും മൂന്ന് മാസത്തെ ആശുപത്രിവാസത്തിന് ശേഷം എല്ലാവരും ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. ആറ് പേരില്‍ ഒരാള്‍ക്ക് 'ഓട്ടിസം' ഉണ്ട്. എന്നാല്‍ ഇയാളും പഠനം തുടരുന്നുണ്ട്. 

ഇപ്പോള്‍ ഹൈസ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഇവര്‍ ആര് പേരുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. അമേരിക്കയില്‍ ആഫ്രോ-അമേരിക്കന്‍ വംശജരുടെ ഇടയ്ക്ക് ആദ്യമായാണ് ഒറ്റ പ്രസവത്തിലെ ആറ് പേര്‍ ആരോഗ്യപരമായ എല്ലാ വെല്ലുവിളികളേയും അതിജീവിക്കുന്നത്. അത്രയും ചരിത്രപ്രാധാന്യമുള്ളതിനാല്‍ തന്നെ ജനനം മുതല്‍ വാര്‍ത്താമാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമായി ഇവര്‍ മാറി. 

 

 

തന്റെ ആദ്യവിവാഹത്തില്‍ ഒരു കുട്ടി കൂടി ഡയമണ്ടിനുണ്ട്. അയാളും ഇവര്‍ക്കൊപ്പമുണ്ട്. ഇതിനിടെ 2012ല്‍ ക്രിസും ഡയമണ്ടും വിവാഹമോചിതരായി. എങ്കിലും കുട്ടികളുടെ കാര്യങ്ങളിലെല്ലാം ഡയമണ്ടിനൊപ്പം ക്രിസും പങ്കുചേരാറുണ്ട്. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് മക്കള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പല വഴിക്ക് പോകാനൊരുങ്ങുമ്പോള്‍ വലിയ ദുഖവും ശൂന്യതയുമാണ് താന്‍ അനുഭവിക്കുന്നതെന്ന് ഡയമണ്ട് പറയുന്നു. 

'ഞാന്‍ അവരുടെ ചെറുപ്പത്തിലുള്ള ഫോട്ടോകളൊക്കെ എടുത്ത് നോക്കുകയായിരുന്നു. ഇക്കഴിഞ്ഞ 18 വര്‍ഷക്കാലം എന്റെ ജീവിതം അവര്‍ മാത്രമായിരുന്നു. അവരുടെ ബഹളങ്ങള്‍, ചിരി, സംസാരം. ഇനിയിപ്പോള്‍ അതെല്ലാം നഷ്ടപ്പെടുമോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുകയാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടി എന്ന് മാത്രം പ്രതീക്ഷിക്കുന്നു...'- ഡയമണ്ട് പറയുന്നു. 

 

 

തുടര്‍പഠനത്തിന് ആറ് പേരും പല കോഴ്‌സുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോസ്മറ്റോളജി, ഫിസിക്കല്‍ തെറാപ്പി, കംപ്യൂട്ടര്‍ സയന്‍സ്, പേഴ്‌സ്യൂയിംഗ് ആര്‍ട്ട് എന്നിങ്ങനെ വ്യത്യസ്തമായ അഭിരുചികളാണ് ഇവര്‍ക്ക്. ഓട്ടിസമുള്ള കുട്ടി 'സ്‌കില്‍ പ്രോഗ്രാം' പഠിക്കാനാണ് തയ്യാറെടുക്കുന്നത്. എല്ലാവരും നന്നായി പഠിക്കണമെന്നും ആദരിക്കപ്പെടുന്ന സ്ഥാനങ്ങളില്‍ എത്തണമെന്നും മാത്രമാണ് ഡയമണ്ട് ആഗ്രഹിക്കുന്നത്. ഇതിനായി ആറ് പേര്‍ക്കും ആശംസകള്‍ നേരുകയാണ് പ്രിയപ്പെട്ടവരെല്ലാം...

Also Read:- ജീവനും മരണത്തിനും ഇടയില്‍ മണിക്കൂറുകള്‍; അപൂര്‍വ്വ ഇരട്ടകള്‍ പിരിഞ്ഞു...